ചെന്നൈ:ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി (Asian Champions Trophy 2023) ഹോക്കി ഫൈനലിലേക്ക് കുതിച്ച് ആതിഥേയരായ ഇന്ത്യ (India). രണ്ടാം സെമി ഫൈനലില്‍ ജപ്പാനെ (Japan) എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ടീം ഇന്ത്യ ഇക്കുറിയും കലാശപ്പോരിന് യോഗ്യത നേടിയിട്ടുള്ളത്. ഞായറാഴ്‌ച (ഓഗസ്റ്റ് 13) നടക്കുന്ന ഫൈനലില്‍ മലേഷ്യയാണ് ആതിഥേയരുടെ എതിരാളി.
ആവേശകരമായ പോരാട്ടമായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകരെ കാത്തിരുന്നത്. ഇരുടീമും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കളം നിറഞ്ഞതോടെ ഗാലറിയിലുണ്ടായിരുന്നവരും ആവേശത്തിലായി. അടിക്കാനും തിരിച്ചടിക്കാനും ഇരു ടീമും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ മാത്രം അകന്ന് നിന്നു.
നേരത്തെ, മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് പെനാല്‍റ്റിയിലൂടെ ഒരു അവസരം ലഭിച്ചിരുന്നു. എന്നാല്‍, ജപ്പാന്‍ ഗോള്‍മുഖത്തേക്ക് ഹര്‍മന്‍പ്രീത് പായിച്ച ഷോട്ട് അവരുടെ ഗോള്‍ കീപ്പര്‍ യോഷികാവ അടിച്ചകറ്റുകയായിരുന്നു. മറ്റ് അവസരങ്ങളും ആദ്യ ക്വാര്‍ട്ടില്‍ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാന്‍ രണ്ട് ടീമിനും സാധിച്ചിരുന്നില്ല.
രണ്ടാം പാദത്തില്‍ കളിയുടെ ഗതിയും അപ്പാടെ മാറി. തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. മത്സരത്തിന്‍റെ 19-ാം മിനിട്ടില്‍ ഗോളടിച്ച് ആകാശ്‌ദീപാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്.
തൊട്ടുപിന്നാലെ തന്നെ 23-ാം മിനിട്ടില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ഇന്ത്യയ്‌ക്ക് ലഭിച്ചു. എന്നാല്‍, ഇപ്രാവശ്യം പന്ത് കൃത്യമായി വലയിലെത്തിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. ഹര്‍മന്‍പ്രീതിലൂടെയായിരുന്നു ഇന്ത്യ മത്സരത്തില്‍ ലീഡ് ഉയര്‍ത്തിയത്.