ന്യൂഡൽഹി: മെയ് മാസത്തിൽ ന്യൂഡൽഹിയിൽ നടക്കാനിരുന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ദുബായിലേക്ക് മാറ്റിയതായി ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പലരാജ്യങ്ങളും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാരണങ്ങളാലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിയത്.
കൊവിഡ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ദുബായിലേക്ക് മാറ്റി - ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ടൂർണമെന്‍റ് നടത്തുന്നതിന് കായിക മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.
'ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ), ഏഷ്യൻ ബോക്സിങ് കോൺഫെഡറേഷനുമായി (എഎസ്‌ബിസി) കൂടിയാലോചിച്ച്, 2021ലെ എഎസ്‌ബിസി ഏഷ്യൻ എലൈറ്റ് മെൻ ആന്‍റ് വിമൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ദുബായിൽ നടത്താൻ തീരുമാനിച്ചു. യുഎഇ ബോക്സിങ് ഫെഡറേഷനുമായി സഹകരിച്ചാവും ചാമ്പ്യന്‍ഷിപ്പ് നടത്തുക'. പ്രസ്താവനയിലൂടെ ബിഎഫ്‌ഐ വ്യക്തമാക്കി.
'വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റേണ്ടി വന്നത് നിർഭാഗ്യകരമാണ്. ചാമ്പ്യൻഷിപ്പ് ഡല്‍ഹിയില്‍ നടത്താൻ വളരെയധികം ആഗ്രഹിച്ചിരുന്നുവെങ്കിലും ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ല. ബോക്സർമാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാലാണ് ഞങ്ങൾക്ക് ഈ തീരുമാനം എടുക്കേണ്ടിവന്നത്. പെട്ടെന്നുള്ള ഞങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചതിനും മത്സരങ്ങളുമായി സഹകരിച്ചതിനും യുഎഇയോട് നന്ദിയുള്ളവരാണ്. എല്ലാ ഫെഡറേഷനുകൾക്കും എഎസ്‌ബിസിക്കും സഹകരിച്ചതിന് നന്ദിയറിയിക്കുന്നു'. ബിഎഫ്‌ഐ പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു.