ബാങ്കോക്ക് : ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം ദിനം മൂന്ന് സ്വർണവുമായി തിളങ്ങി ഇന്ത്യ. പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ മലയാളി താരം അബ്‌ദുള്ള അബൂബക്കറും, വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യരാജിയും, പുരുഷൻമാരുടെ 1500 മീറ്ററിൽ അജയ് കുമാർ സരോജുമാണ് സ്വർണ നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്ററിൽ ഐശ്വര്യ മിശ്ര വെങ്കലവും നേടി.
പങ്കെടുത്ത 10 ഇനങ്ങളിൽ മൂന്ന് സ്വർണം ഉൾപ്പടെ നാല് മെഡലുകളുമായി മികച്ച പ്രകടനമാണ് ഇന്ത്യ ടൂർണമെന്‍റിന്‍റെ രണ്ടാം ദിനം കാഴ്‌ചവച്ചത്. ജ്യോതി യരാജിലൂടെയാണ് ഇന്ത്യ ഇന്ന് സ്വർണക്കൊയ്‌ത്തിന് തുടക്കമിട്ടത്. 100 മീറ്റർ ഹർഡിൽസ് ഫൈനലിൽ 13.09 സെക്കൻഡിലാണ് ജ്യോതി സ്വർണം നേടിയത്. ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13 സെക്കൻഡ്), ഓക്കി മസൂമി (13.26 സെക്കൻഡ്) എന്നിവരെയാണ് ജ്യോതി സെക്കൻഡുകളുടെ വ്യത്യാസത്തിൽ മറികടന്നത്.
12.82 സെക്കൻഡാണ് ജ്യോതി യരാജിന്‍റെ ദേശീയ റെക്കോഡ്. കഴിഞ്ഞ മാസം നടന്ന നാഷണൽ ഇന്‍റർ- സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 12.92 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് ജ്യോതി സ്വർണം നേടിയിരുന്നു. എന്നാൽ ഇത്തവണ കനത്ത മഴയെത്തുടർന്ന് ട്രാക്ക് നനഞ്ഞിരുന്നതിനാൽ 23 കാരിയായ താരത്തിന് തന്‍റെ മികച്ച സമയം മറികടക്കാനായില്ല.
മൂന്നാം മെഡലുമായി അജയ് : അതേസമയം പുരുഷൻമാരുടെ 1500 മീറ്ററിൽ തുടർച്ചയായ മൂന്നാം ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മെഡലാണ് 26 കാരനായ അജയ് കുമാർ സരോജ് സ്വന്തമാക്കിയത്. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. വാശിയേറിയ മത്സരത്തിൽ അവസാന ലാപ്പിൽ രണ്ട് താരങ്ങളെ മറികടന്നാണ് അജയ് സ്വർണ നേട്ടത്തിൽ ഫിനിഷ് ചെയ്‌തത്.
3:41.51 സെക്കൻഡിലാണ് അജയ് കുമാർ ഫിനിഷ് ചെയ്‌തത്. കഴിഞ്ഞ മാസം യുഎസിൽ നടന്ന ഒരു ഇവന്‍റിൽ രേഖപ്പെടുത്തിയ 3:39.19 സെക്കൻഡാണ് അജയ് കുമാറിന്‍റെ മികച്ച വ്യക്‌തിഗത സമയം. നേരത്തെ 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അജയ് സ്വർണവും 2019ൽ ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു.
മലയാളി തിളക്കം : ട്രിപ്പിൾ ജംപിൽ മലയാളി താരം അബ്‌ദുള്ള അബൂബക്കറിലൂടെയാണ് ഇന്നത്തെ ഇന്ത്യയുടെ മൂന്നാം സ്വർണം എത്തിയത്. സീസണിലെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് (16.92 മീറ്റർ) താരം സ്വർണം നേടിയത്. ഫൗളോടെയാണ് അബ്‌ദുള്ള ഇന്ന് മത്സരം ആരംഭിച്ചത്. എന്നാൽ തന്‍റെ നാലാം ശ്രമത്തിൽ താരം 16.92 മീറ്റർ ക്ലിയർ ചെയ്യുകയായിരുന്നു. വനിതകളുടെ 400 മീറ്ററില്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് ഐശ്വര്യ മിശ്ര ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.
അതേസമയം ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചായി. ചാമ്പ്യൻഷിപ്പിന്‍റെ ആദ്യ ദിനം പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് പാല്‍ വെങ്കലം നേടിയിരുന്നു. 29 മിനിട്ട് 33.26 സെക്കന്‍ഡിലാണ് അഭിഷേക് ഓട്ടം പൂര്‍ത്തിയാക്കിയത്. ജപ്പാന്‍റെ റെന്‍ തസാവയാണ് (29 മിനിറ്റ് 18.44 സെക്കന്‍ഡ്) ഈ ഇനത്തിൽ സ്വര്‍ണം നേടിയത്.