ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോ ഫിനിഷിലേക്ക്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെയാണ് കിരീടപ്പോരാട്ടം കൂടുതൽ ആവേശകരമായിരിക്കുന്നത്. എവേ മത്സരത്തിൽ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ നേരിട്ട ആദ്യ 10 മിനിറ്റിനകം രണ്ട് ഗോളുകളുടെ ലീഡ് എടുത്ത ശേഷം ആഴ്‌സണൽ സമനിലയുമായി മടങ്ങിയത്.
ആഴ്‌സണലിനായി ഗബ്രിയേൽ ജീസസ്, മാർട്ടിൻ ഒഡെഗാർഡ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ബെൻറഹ്‌മയുടെ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ തിരിച്ചടിച്ച വെസ്റ്റ്‌ഹാമിനായി ജെറാഡ് ബൊവനാണ് സമനില കണ്ടെത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ആഴ്‌സണൽ പോയിന്‍റ് നഷ്‌ടമാക്കിയതോടെ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്‍റ് വ്യത്യാസം നാലായി ചുരുങ്ങി.
കിരീടത്തിലേക്ക് അടുക്കാൻ വെസ്റ്റ്ഹാമിനെതിരായ മത്സരം ഗണ്ണേഴ്‌സിന് നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആഴ്‌സണൽ പത്ത് മിനിറ്റിനകം രണ്ട് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. ഏഴാം മിനിറ്റിൽ നായകൻ മാർട്ടിൻ ഒഡെഗാർഡിന്‍റെ പാസിൽ നിന്നും ഗബ്രിയേൽ ജീസസ് ആദ്യമായി ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിനകം മികച്ച വോളിയിലൂടെ ഒഡെഗാർഡും വലകുലുക്കി. ഇതോടെ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെ സമനില വഴങ്ങിയ ആഴ്‌സണൽ ആത്മവിശ്വാസം വീണ്ടെടുത്തെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ.
പത്ത് മിനിറ്റിനുള്ളിലെ ഇരട്ടപ്രഹരം വെസ്റ്റ്‌ഹാമിനെ തളർത്തി. പതിയെ മത്സരത്തിലേക്ക് തിരികെയെത്തിയ ആതിഥേയർക്ക് അനുകൂലമായ പെനാൽറ്റി. ലുകാസ് പക്വോറ്റയെ ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേൽ വീഴ്‌ത്തിയതിനാണ് വെസ്റ്റ്‌ഹാമിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. സ്‌പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച ബെൻറഹ്‌മ ആഴ്‌സണലിന്‍റെ ലീഡ് ഒന്നാക്കി ചുരുക്കി.