ലണ്ടൻ : ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ആഴ്‌സണൽ. ഗ്രൂപ്പ് ബിയിൽ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ നേരിട്ട ആഴ്‌സണല്‍ എതിരില്ലാത്ത നാലു ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത് (Arsenal vs PSV Eindhoven). ബുകായോ സാക്ക, ലിയാൻഡ്രോ ട്രൊസാർഡ്, ഗബ്രിയേൽ ജീസസ്, മാർടിൻ ഒഡെഗാർഡ് എന്നിവരാണ് ഗണ്ണേഴ്‌സിനായി വല കുലുക്കിയത്.
എട്ടാം മിനിറ്റിൽ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. നായകൻ മാര്‍ട്ടിൻ ഒഡെഗാര്‍ഡിന്‍റെ ഷോട്ട് പിഎസ്‌വി ഗോൾകീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ടില്‍ നിന്നും ലക്ഷ്യം കണ്ട ബുകയോ സാക്ക തന്‍റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 20-ാം മിനിറ്റിൽ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നും സാക പന്ത് ലിയാൻഡ്രോ ട്രൊസാര്‍ഡിന് മറിച്ചുനല്‍കി. ബോക്‌സിനു പുറത്തുനിന്ന് അതിമനോഹരമായ ഷോട്ടിലൂടെ ട്രൊസാര്‍ഡ് പീരങ്കിപ്പടയുടെ ലീഡ് ഇരട്ടിയാക്കി. 38-ാം മിനിറ്റിൽ ട്രൊസാര്‍ഡ് നൽകിയ പാസില്‍ നിന്നും ബുള്ളറ്റ് ഷോട്ടിലൂടെ ഗോള്‍ നേടിയ ഗബ്രിയേല്‍ ജീസസ് പ്രീമിയർ ലീഗ് വമ്പൻമാരുടെ ജയമുറപ്പിച്ചത്.
70-ാം മിനിറ്റിൽ മാര്‍ട്ടിൻ ഒഡെഗാര്‍ഡാണ് ആഴ്‌സണലിന്‍റെ ജയം പൂര്‍ത്തിയക്കിയ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ റീസ് നെല്‍സന്‍റെ പാസില്‍ നിന്നാണ് ആഴ്‌സണൽ നായകന്‍റെ ഗോൾ പിറന്നത്. ഗോള്‍കീപ്പറുടെ മികച്ച പ്രകടനമാണ് പിഎസ്‌വിയുടെ തോൽവി ഭാരം കുറച്ചത്.
ഇന്‍ററിനെ വിറപ്പിച്ച് റയല്‍ സോസിഡാഡ് : ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തിൽ സമനിലയുമായി രക്ഷപ്പെട്ട് നിലവിലെ റണ്ണേഴ്‌സപ്പായ ഇന്‍റർ മിലാൻ. സ്‌പാനിഷ് ക്ലബ് റയല്‍ സോസിഡാഡിന്‍റെ തകര്‍പ്പൻ പ്രകടനത്തിന് മുമ്പില്‍ മത്സരത്തിലൂടനീളം പിന്നിട്ട് നിന്ന ഇന്‍റർ അവസാന മിനിറ്റിൽ നേടിയ ഗോളിലാണ് സമനില പിടിച്ചത് (Inter Milan late draw against Real Sociedad). സോസിഡാഡിനായി ബ്രൈസ് മെന്‍റസ് ലക്ഷ്യം കണ്ടപ്പോൾ നായകൻ ലൗട്ടാറോ മാർട്ടിനസാണ് ഇന്‍ററിന്‍റെ രക്ഷയ്‌ക്കെത്തിയത്. കൂടുതല്‍ സമയവും മുന്നിട്ടുനിന്നിട്ടും അവസാന നിമിഷം ജയം കൈവിട്ടത് സോസിഡാഡിന് നിരാശ നല്‍കും.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സോസിഡാഡ് മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ ലീഡെടുത്തു. പ്രതിരോധ താരം ബസ്‌തോണിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത ബ്രൈസ് മെന്‍റസ് ബോക്‌സിന് പുറത്തുനിന്നും ലക്ഷ്യം കണ്ടു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്‍റര്‍ ശ്രമം തുടങ്ങിയെങ്കിലും സോസിഡാഡ് പ്രതിരോധം മറികടക്കാനായിരുന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒയര്‍സബാളിന്‍റെ ഹെഡര്‍ ഗോൾകീപ്പര്‍ യാൻ സോമർ തടഞ്ഞു. ബ്രൈസ് മെന്‍റസിന്‍റെ ഫ്രീകിക്കും സോമര്‍ രക്ഷപ്പെടുത്തിയത് ഇന്‍ററിന് ആശ്വാസം നൽകി. 79-ാം മിനിറ്റിൽ മാർകസ് തുറാം ഗോള്‍ നേടിയെങ്കിലും മുന്നേറ്റത്തിനിടയില്‍ ലൗട്ടാറോ മാർട്ടിനസ് ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു. ഒടുവിൽ നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഫ്രാറ്റെസി നല്‍കിയ പാസിൽ നിന്ന് ലൗട്ടാറോ മാർട്ടിനസ് ലക്ഷ്യം കണ്ടു.