ലണ്ടന്‍:ഖത്തര്‍ ലോകകപ്പോടെ കേരളത്തിന്‍റെ ഫുട്‌ബോള്‍ പ്രേമം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയടക്കം കേരളത്തിലെ ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദിയറിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്‌സണല്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
ആഴ്‌സണലിന്‍റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ പുതിയ ആര്‍ട്ട് വര്‍ക്കിലെ ആരാധകരുടെ പതാകകളുടേയും ബാനറുകളുടേയും കൂട്ടത്തില്‍ മലയാളവും ഇടം പിടിച്ചു. "ആഴ്‌സണല്‍ കേരള പീരങ്കിപ്പട" എന്നെഴുതിയ പതാകയാണ് സ്റ്റേഡിയത്തിലെ ആര്‍ട്ട് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള 150ലേറെ ആഴ്‌സണല്‍ ഫാൻസ് ഗ്രൂപ്പുകളിൽ നിന്നുള്ള ബാനറും പതാകയുമാണ് ഇക്കൂട്ടത്തിലുള്ളത്. ഇന്ത്യയില്‍ നിന്നും മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധക കൂട്ടങ്ങളുടേതടക്കം ആകെ 187 പതാകയും ബാനറുകളുമാണ് സ്റ്റേഡിയത്തിലുള്ളത്.