ലണ്ടൻ : രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സണൽ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. 27-ാം റൗണ്ട് ലീഗ് മത്സരത്തിൽ ഫുൾഹാമിനെ അവരുടെ മൈതാനത്ത് നേരിട്ട ആഴ്‌സണൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ മിന്നും ജയമാണ് നേടിയത്. പിരങ്കിപ്പടയ്‌ക്കായി ഗബ്രിയേൽ മഗല്ലാസ്, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡെഗാർഡ് എന്നിവരാണ് ഫുൾഹാം വലയിലേക്ക് നിറയൊഴിച്ചത്. ഹാട്രിക് അസിസ്റ്റുമായി കളം നിറഞ്ഞുകളിച്ച ലിയാണ്ട്രോ ട്രൊസാർഡാണ് ആഴ്‌സണലിന്‍റെ വിജയശിൽപ്പി.
ജയത്തോടെ, പട്ടികയില്‍ ലീഡ് 5 പോയിന്‍റാക്കി ഉയർത്താനും ഗണ്ണേഴ്‌സിനായി. ആഴ്‌സണലിന് 66 പോയിന്‍റും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്‍റുമാണുള്ളത്. ലീഗിൽ ഇനി 12 റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
മൈക്കല്‍ അർട്ടേറ്റ പരിശീലകനായി ചുമതലയേറ്റ ശേഷം മിന്നും പ്രകടനമാണ് ആഴ്‌സണൽ നടത്തുന്നത്. ഫുൾഹാമിന്‍റെ മൈതാനത്ത് തുടക്കം മുതല്‍ ആക്രമിച്ചുകളിക്കുന്ന ആഴ്‌സണലിനെയാണ് കാണാനായത്. ഗണ്ണേഴ്‌സിന്‍റെ തുടരെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ ഫുൾഹാം സെൽഫ് ഗോൾ വഴങ്ങിയെങ്കിലും വാർ ആതിഥേയരുടെ രക്ഷയ്‌ക്കെത്തി.
മുന്നേറ്റം തുടർന്ന ആഴ്‌സണൽ മത്സരത്തിന്‍റെ 21-ാം മിനിട്ടിൽ മുന്നിലെത്തി. ട്രൊസാർഡിന്‍റെ ഇൻസ്വിങ് കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയാണ് ഗബ്രിയേൽ വലകുലുക്കിയത്. ഫുൾഹാമിനെതിരെ നാല് മത്സരങ്ങളിൽ നിന്ന് താരത്തിന്‍റെ മൂന്നാം ഗോളാണിത്.
26-ാം മിനിട്ടിൽ ഗണ്ണേഴ്‌സ് ലീഡ് ഇരട്ടിയാക്കി. മത്സരത്തിലെ മികച്ച ആധിപത്യം തുടർന്നതോടെയാണ് രണ്ടാം ഗോൾ വന്നത്. ഇത്തവണയും ഗോളിന് അവസരമൊരുക്കിയത് ട്രൊസാർഡിന്‍റെ ബൂട്ടുകൾ തന്നെ. ട്രൊസാർഡിന്‍റെ ക്രോസിൽ നിന്നും ഇത്തവണ ഹെഡറിലൂടെ ലക്ഷ്യം കണ്ടത് ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലി. ഇതോടെ അവസാന മൂന്ന് എവേ മത്സരത്തിലും മാർട്ടിനെല്ലിക്ക് ഗോൾ നേടാനായി.
ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു മൂന്നാം ഗോൾ. വീണ്ടും കളിമെനഞ്ഞത് ട്രൊസാർഡ്. യുവതാരം നൽകിയ പാസിൽ നിന്നും മാർട്ടിൻ ഒഡെഗാർഡാണ് ലീഡുയർത്തിയത്. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകളിൽ ആഴ്‌സണൽ ജയമുറപ്പിച്ചു. 85-ാം മിനിട്ടിൽ പരിക്കിൽ നിന്ന് മുക്‌തനായി ടീമിൽ തിരിച്ചെത്തിയ ഗബ്രിയേൽ ജീസസ് ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾകീപ്പർ ലെനോ ഫുൾഹാമിന്‍റെ രക്ഷയ്‌ക്കെത്തി. രണ്ടാം പകുതിയിൽ പന്ത് കൈവശംവച്ചുകളിച്ച ഗണ്ണേഴ്‌സ് മൂന്ന് പോയിന്‍റ് സ്വന്തമാക്കി.
അസിസ്റ്റിൽ റെക്കോഡുമായി ട്രൊസാർഡ് : ഫുൾഹാമിനെതിരെ ഹാട്രിക് അസിസ്റ്റുമായി ആഴ്‌സണലിന് മിന്നും ജയം സമ്മാനിച്ചതോടെ യുവതാരം ഒരു റെക്കോഡും സ്വന്തം പേരിലാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു എവേ മത്സരത്തിന്‍റെ ആദ്യ 45 മിനിട്ടിനകം മൂന്ന് ഗോളുകൾക്ക് അവസരമൊരുക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 21, 26, 45+2 എന്നീ സമയങ്ങളിലാണ് ലിയാണ്ട്രോ ട്രൊസാർഡിന്‍റെ അസിസ്റ്റുകൾ.
ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോയിൽ ബ്രൈറ്റണിൽ നിന്നാണ് ട്രൊസാർഡ് ആഴ്‌സണലിലെത്തിയത്. തുടക്കത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം ഗബ്രിയേൽ ജീസസ്, എഡ്ഡി എൻകെറ്റിയ എന്നിവർക്ക് പരിക്കേറ്റതോടെ ടീമിൽ സ്ഥിരം സാന്നിധ്യമായി.