ന്യൂഡൽഹി: 2022 ബീജിങ് വിന്‍റർ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക അത്‌ലറ്റായ സ്‌കിയർ ആരിഫ് ഖാൻ ബീജിങ്ങിലേക്ക് പുറപ്പെട്ടു. ഷെഫ് ഡി മിഷൻ ഹർജീന്ദർ സിങ്ങിനും സപ്പോർട്ട് സ്റ്റാഫിനും ഒപ്പമാണ് താരം ഒളിമ്പിക്‌സിനായി ചൈനയിലേക്ക് യാത്ര തിരിച്ചത്. സ്ലാലോം, ജയന്‍റ് സ്ലാലോം എന്നീ ഇനങ്ങളിലാണ് ജമ്മു കാശ്‌മീർ സ്വദേശിയായ ആരിഫ് പങ്കെടുക്കുന്നത്.
ടാർഗെറ്റ് ഒളിമ്പിക്‌സ് പോഡിയം സ്കീമിൽ ഉൾപ്പെടുത്തി നടത്തിയ പരിശീലനങ്ങൾ തന്‍റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തി എന്ന് ആരിഫ് പറഞ്ഞു. 'ഞാൻ കുറച്ച് വർഷങ്ങളായി കഠിനമായി പരിശീലിക്കുന്നു. ലോകത്തിലെ മികച്ച 30-ൽ ഇടം നേടണമെന്നാണ് എന്‍റെ ആഗ്രഹം. മെഡൽ നേടുക എന്നത് പോലെയാണ് മികച്ച 30-ൽ ഇടം നേടുക എന്നതും', ആരിഫ് കൂട്ടിച്ചേർത്തു.