കേരളം

kerala

ETV Bharat / sports

ഫ്രീ കിക്കിലൂടെ 800-ാം ഗോളടിച്ച് മെസി; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പാനമയെ വീഴ്‌ത്തി അര്‍ജന്‍റീന - ലയണല്‍ മെസി

എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീന പാനമയെ പരാജയപ്പെടുത്തിയത്. മെസിക്ക് പുറമെ തിയാഗോ അല്‍മാഡയാണ് അര്‍ജന്‍റീനയ്‌ക്കായി ഗോള്‍ നേടിയത്.

argentina vs panama  argentina  messi 800 goal  friendly football  മെസി  സൗഹൃദ ഫുട്‌ബോള്‍  അര്‍ജന്‍റീന  അര്‍ജന്‍റീന പനാമ  ലയണല്‍ മെസി  തിയാഗോ അല്‍മാഡ
Messi

By

Published : Mar 24, 2023, 8:38 AM IST

ബ്യൂണസ് ഐറിസ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജയം സ്വന്തമാക്കി അര്‍ജന്‍റീന. പാനമയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ ജയം. തിയാഗോ അല്‍മാഡ, ലയണല്‍ മെസി എന്നിവര്‍ നേടിയത്.

ഗോള്‍ രഹിതമായിരുന്നു അര്‍ജന്‍റീന പാനമ മത്സരത്തിന്‍റെ ഒന്നാം പകുതി. 79-ാം മിനിട്ടിലാണ് മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നത്. അര്‍ജന്‍റീനയ്‌ക്ക് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്‍റെ പിറവി.

ടീമിന് ലഭിച്ച ഫ്രീ കിക്ക് നായകന്‍ മെസിയെടുത്തെങ്കിലും സൂപ്പര്‍ താരത്തിന്‍റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റിലിടിച്ച് വന്ന പന്ത് ലിയാൻഡ്രോ പരേഡെസ് അല്‍മാഡയ്‌ക്ക് മറിച്ചു നല്‍കി. തുടര്‍ന്ന് അല്‍മാഡ പന്ത് കൃത്യമായി എതിര്‍ വലയിലെത്തിക്കുകയായിരുന്നു.

പകരക്കാരാനായിറങ്ങിയാണ് അല്‍മാഡ അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത്. ദേശീയ ടീമിന് വേണ്ടിയുള്ള താരത്തിന്‍റെ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. പിന്നാലെ 89-ാം മിനിട്ടിലാണ് അര്‍ജന്‍റീന തങ്ങളുടെ ലീഡ് ഉയര്‍ത്തിയത്.

ഇത്തവണ ലഭിച്ച ഫ്രീ കിക്ക് കൃത്യമായി വലയ്‌ക്കുള്ളിലെത്തിക്കാന്‍ മെസിക്ക് സാധിച്ചു. ഈ ഗോളോടെ കരിയറില്‍ 800 ഗോളുകളെന്ന നേട്ടത്തിലേക്കും മെസി എത്തി. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന താരമായും മെസി മാറി.

മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളിയാകാന്‍ പാനമയ്‌ക്ക് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ പാനമയുടെ ഗോള്‍ വലയ്‌ക്ക് മുന്നില്‍ അര്‍ജന്‍റീന നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ മറുവശത്ത് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ പാനമയ്‌ക്കായില്ല. ഒന്നാം പകുതിയില്‍ ലോകചാമ്പ്യന്മാരെ സമനിലയില്‍ പൂട്ടാന്‍ കഴിഞ്ഞത് മാത്രമായിരുന്നു അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.

നിറകണ്ണോടെ മെസി: 1986 ന് ശേഷം കഴിഞ്ഞ വര്‍ഷമാണ് അര്‍ജന്‍റീന ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്. ഖത്തറില്‍ നടന്ന ലോകകപ്പ് പോരാട്ടത്തിലെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു മെസിയും സംഘവും കനക കിരീടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വമ്പന്‍ ആഘോഷങ്ങളുമായി ആരാധകര്‍ അര്‍ജന്‍റീനയുടെ നിരത്തുകളിലേക്കിറങ്ങിയിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ബ്യൂണസ് ഐറിസില്‍ നടന്ന അര്‍ജന്‍റീന പാനമ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലും കണ്ടത്. ലോകകപ്പ് നേട്ടത്തിന് ശേഷം സ്വന്തം നാട്ടില്‍ ആദ്യമായി പന്ത് തട്ടാനിറങ്ങിയ മെസിക്കും സംഘത്തിനും അര്‍ജന്‍റീനയുടെ ആരാധക കൂട്ടം വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കിക്കോഫിന് മുന്നോടിയായി മൈതാനത്തേക്ക് എത്തിയ താരങ്ങളെ വന്‍ ആരവങ്ങളോടെയും കയ്യടികളോടുമാണ് ആരാധകര്‍ മൈതാനത്തേക്ക് സ്വീകരിച്ചത്. ആരാധകരുടെ സ്നേഹ പ്രകടനത്തില്‍ മെസി ഉള്‍പ്പടെയുള്ള താരങ്ങള്‍ നിറകണ്ണുകളോടെയായിരുന്നു മൈതാനത്ത് നിന്നത്. അര്‍ജന്‍റീനന്‍ പ്രാദേശിക മാധ്യമങ്ങള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടിട്ടുണ്ട്.

ആര്‍പ്പ് വിളിച്ച് ആരാധക കൂട്ടം:നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോളിന്‍റെ കനക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്‍റീന. ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ കളിക്കുന്ന ഒരു അന്താരാഷ്‌ട്ര മത്സരം. എതിരാളികള്‍ കുഞ്ഞന്‍മാരായിരുന്നെങ്കിലും സ്വന്തം ടീമിന് വേണ്ടി ആര്‍പ്പ് വിളിക്കാന്‍ എല്‍ മൊനുമെന്‍റല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളായിരുന്നു. 80,000-ത്തോളം കാണികളാണ് അര്‍ജന്‍റീന പാനമ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details