ദോഹ: ഖത്തറിലെ രണ്ടാം മത്സരം അര്‍ജന്‍റീനയ്‌ക്ക് ഒരു ജീവന്‍ മരണ പോരാട്ടമായിരുന്നു. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെത്തിയ മെസിക്കും സംഘത്തിനും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. അതിന് വേണ്ടി തുനിഞ്ഞിറങ്ങിയ മെസിപ്പട രണ്ട് ഗോളിന്‍റെ ആവേശജയവും മെക്‌സിക്കോയ്‌ക്കെതിരെ സ്വന്തമാക്കി.
തോല്‍വി വഴങ്ങിയാല്‍ പുറത്തേക്ക് വഴിയൊരുക്കുന്ന മത്സരത്തില്‍ ജയം പിടിച്ചത് അര്‍ജന്‍റീനന്‍ ടീമും ആഘേഷമാക്കി. ഡ്രസിങ് റൂമിനെ ഒന്നടങ്കം ഇളക്കി മറിക്കുന്നതായിരുന്നു പരിശീലകന്‍ സ്‌കലോണി ഉള്‍പ്പടെയുള്ളവരുടെ ആഘോഷം. പാട്ടും നൃത്തവുമടങ്ങിയ ആഘോഷ രാവില്‍ മത്സരത്തില്‍ ഗോളടിച്ച മെസിയും എന്‍സോയുമായിരുന്നു ശ്രദ്ധാകേന്ദ്രം.
ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയും അര്‍ജന്‍റീന നിലനിര്‍ത്തി. മെസി ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. ജയത്തോടെ ഗ്രൂപ്പ് സിയില്‍ പോളണ്ടിന് പിന്നിലായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേക്കെത്തി.
നിരാശപ്പെടുത്തുന്ന ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്‍റീന ഇരു ഗോളുകളും നേടിയത്. 64-ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ വകയായിരുന്നു ആദ്യ ഗോള്‍. പിന്നാലെ 87-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു.
Also read:'ഗോളടിച്ചും അടിപ്പിച്ചും മെസി'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം പിടിച്ച് അര്‍ജന്‍റീന