ന്യൂയോര്‍ക്ക്:അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു. അമേരിക്കന്‍-കനേഡിയന്‍ ലീഗായ മേജര്‍ ലീഗ് സോക്കറിന്‍റെ (എംഎല്‍സ്) ഈ സീസണോടെ ബൂട്ടഴിക്കുമെന്നാണ് ഹിഗ്വയ്‌ന്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എസില്‍ ഇന്‍റര്‍ മിയാമിയ്ക്ക് വേണ്ടിയാണ് 34കാരന്‍ നിലവില്‍ കളിക്കുന്നത്.
ടീമിനായി ഈ സീസണില്‍ ഇതുവരെ 14 മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലീഗിന്‍റെ പ്ലേ ഓഫില്‍ കടന്ന ടീമിനൊപ്പം കിരീടം നേടി വിരമിക്കുന്നതാണ് സഹതാരങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് താരം പറഞ്ഞു.
"എന്‍റെ ഏറ്റവും വലിയ പ്രചോദനം എന്‍റെ ടീമംഗങ്ങളെ സഹായിക്കുക എന്നതാണ്. അവര്‍ക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവരോടൊപ്പം ഒരു ചാമ്പ്യനായി വിരമിക്കാൻ കഴിയുന്നതാണ്. കാരണം അവർ എന്നോടൊപ്പം ഉണ്ടായിരുന്നു, എന്‍റെ തകർച്ചയിൽ അവർ എന്നെ കണ്ടിട്ടുണ്ട്. ഈ പാതയിൽ അവർ എന്നെ സഹായിച്ചിട്ടുണ്ട്", ഹിഗ്വയ്‌ന്‍ പറഞ്ഞു.
ഒരു ചാമ്പ്യനായാണ് വിരമിക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മത്സരങ്ങള്‍ കാണാന്‍ ആരാധകർ സ്റ്റേഡിയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.