വെംബ്ലി: ഖത്തര്‍ ലോകകപ്പോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
''ഈ ലോകകപ്പോടെ അതിന് സമയമാവും. അന്താരാഷ്‌ട്ര തലത്തില്‍ അവസരത്തിനായി ഒരുപാട് താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഈ നിലവാരത്തിലേക്ക് ഉയരുന്നതിന്‍റെ സൂചനകള്‍ പതിയെ അവര്‍ കാണിക്കുന്നുണ്ട്. ഇനിയും ഞാന്‍ തുടര്‍ന്നാലത് സ്വാര്‍ഥതയാവും. ഖത്തറിന് ശേഷം തീര്‍ച്ചയായും ഞാന്‍ പിന്നിലേക്ക് മാറും'', 34കാരനായ ഡി മരിയ പറഞ്ഞു.
അര്‍ജന്‍റീനയ്‌ക്കായി 121 മത്സരങ്ങളില്‍ നിന്നും 24 ഗോളാണ് ഡി മരിയ നേടിയിട്ടുള്ളത്. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീന ജയിച്ചപ്പോള്‍ ലക്ഷ്യം കണ്ടത് ഡി മരിയയായിരുന്നു. 28 വര്‍ഷത്തിന് ശേഷം രാജ്യം നേടിയ പ്രധാന കിരീടമായിരുന്നു ഇത്.
also read:'ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കണം' ; പ്രഥമലക്ഷ്യം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ
അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും ക്ലബ് ഫുട്‌ബോളില്‍ ഡി മരിയ തുടരും. സീസണോടെ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ട താരം എവിടേക്കാണ് ചേക്കേറുകയെന്ന് വ്യക്തമല്ല. പിഎസ്‌ജിയുമായുള്ള ഏഴ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച ഡി മരിയ ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിലേക്ക് പോയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.