കേരളം

kerala

ETV Bharat / sports

രണ്ട് സൗഹൃദ മത്സരങ്ങള്‍ ; മെസിയും കൂട്ടരും കേരളത്തിലേക്ക് വരുമെന്ന് ഉറപ്പിച്ച് മന്ത്രി വി അബ്‌ദുറഹിമാന്‍ - അര്‍ജന്‍റീന കേരളത്തിലേക്ക്

Argentina National Football Team To Kerala : അര്‍ജന്‍റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് എത്തുമെന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍. രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി 2025ലാണ് അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Argentina Football Team Kerala  Argentina Kerala Friendly Match  അര്‍ജന്‍റീന കേരളത്തിലേക്ക്  അര്‍ജന്‍റീന സൗഹൃദമത്സരം കേരളം
Argentina National Football Team To Kerala

By ETV Bharat Kerala Team

Published : Jan 19, 2024, 10:11 AM IST

തിരുവനന്തപുരം:ഫുട്‌ബോള്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന കേരളത്തില്‍ പന്ത് തട്ടാനെത്തുമെന്ന് ഉറപ്പിച്ച് കായിക മന്ത്രി വി അബ്‌ദുറഹിമാന്‍. രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി 2025ല്‍ അര്‍ജന്‍റീന ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഈ വിവരം പുറത്തുവിട്ടത്.

2025 ഒക്‌ടോബറിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്. കേരള സര്‍ക്കാരിന്‍റെ ഗോള്‍ പരിപാലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാനുമുള്ള താത്‌പര്യവും അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചതായി മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി വി അബ്‌ദുറഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :ലിയോണൽ മെസ്സി അടക്കമുള്ള അർജന്‍റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്‌ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ച് നീല പടയുടെ ആരാധകരിൽ സൃഷ്‌ടിച്ച നിരാശയാണ് കേരളത്തിലേക്ക് അര്‍ജന്‍റീന ടീമിനെ ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകകപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്‌ടം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിന്‍റെ ക്ഷണം അവർ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്‍റെ സാധ്യതകളും കേരളത്തിന്‍റെ ഫുട്ബോൾ വികസനത്തിൽ അർജന്‍റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അര്‍ജന്‍റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിങ്ങിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

അർജൻ്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന്, 2025 ഒക്ടോബറിൽ കളിക്കാൻ അർജൻ്റീന സന്നദ്ധത അറിയിച്ചു.

ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്‍റെ സംഘാടനം. എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവുമാകും അർജന്‍റീന ദേശീയ ടീമിന്‍റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

അർജന്‍റീന ദേശീയ ടീമിന്‍റെ ഇന്‍റര്‍നാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ്, കെ എഫ് എ സംസ്ഥാന പ്രസിഡന്‍റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

Also Read :ബെസ്റ്റ് മെസി തന്നെ, പക്ഷേ ഇന്ത്യയില്‍ നിന്ന് ഒറ്റവോട്ടും താരത്തിനില്ല...വിവരങ്ങളിങ്ങനെ

ABOUT THE AUTHOR

...view details