വെംബ്ലി : ഫൈനലിസിമയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ 3 നിറയൊഴിക്കലുകളില്‍ തകര്‍ത്ത് മെസിപ്പട. ഏകപക്ഷീയമായ 3 ഗോളിന്‍റെ വിജയവുമായി അര്‍ജന്‍റീന കപ്പുയര്‍ത്തി. 29 വര്‍ഷത്തിന് ശേഷം യൂറോ കപ്പ് - കോപ്പ അമേരിക്ക ജേതാക്കള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയക്കുതിപ്പ് തുടരുകയായിരുന്നു അര്‍ജന്‍റീന. 32 മത്സരങ്ങളിലായി തുടര്‍ച്ചയായി തോല്‍വി നേരിടാതെ മുന്നേറുകയാണ് കോപ്പ അമേരിക്ക വിജയികള്‍.
ആദിമധ്യാന്തം ആധിപത്യം പുലര്‍ത്തിയായിരുന്നു അര്‍ജന്‍റീനയുടെ ആധികാരിക ജയം. 28ാം മിനിറ്റില്‍ മെസിയുടെ പാസില്‍ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്‍റീന മുന്നിലെത്തി. ശേഷം ആദ്യ പകുതിയുടെ അധിക സമയത്ത് മാര്‍ട്ടിനസിന്‍റെ പാസിനെ വിദഗ്‌ധമായി ഇറ്റലിയുടെ പോസ്റ്റിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിട്ടില്‍ മെസിയുടെ കുതിപ്പില്‍ ലഭിച്ച പന്തിനെ ഗോള്‍വല മുട്ടിച്ച് പൗലോ ഡിബാല പട്ടികയില്‍ ഒന്നുകൂടി ചേര്‍ത്തു.