ബ്യൂണസ് അയേർസ്: കുറസോവയ്‌ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി അര്‍ജന്‍റീന. ലയണൽ മെസി ഹാട്രികുമായി അര്‍ജന്‍റൈന്‍ കുപ്പായത്തിൽ നൂറാം ഗോൾ ആഘോഷിച്ച മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് കുറസോവയെ തോൽപ്പിച്ചത്. മെസിയെ കൂടാതെ നികോളാസ് ഗോൺസലാസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ, ഗോൺസലോ മോണ്ടിയൽ എന്നിവരാണ് ലോക ചാമ്പ്യൻമാർക്കായി വല കുലുക്കിയത്.
മത്സരം ആരംഭിച്ച് 37 മിനിറ്റുകൾ കൊണ്ടാണ് ലയണൽ മെസി ഹാട്രിക തികച്ചത്. 20-ാം മിനിട്ടിൽ ഗോളടി തുടങ്ങിയ മെസി 33, 37 മിനിറ്റുകളിലാണ് മറ്റു ഗോളുകൾ നേടിയത്. ലോ സെൽസോയിൽ നിന്ന് പാസ് സ്വീകരിച്ച് പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്‌തു മുന്നേറിയ മെസിയുടെ വലങ്കാലൻ ഷോട്ട് കുറസോവ ഗോൾകീപ്പറെ കീഴടക്കി.
മൂന്ന് മിനിറ്റിനകം നികോളാസ് ഗോൺസലാസ് അർജന്‍റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലോ സെൽസോയുടെ കോർണറിൽ നിന്നും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ജെർമൻ പെസല്ലയുടെ ഹെഡർ പ്രതിരോധതാരം ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയെങ്കിലും റിബൗണ്ടിൽ നിന്നും ഹെഡറിലൂടെ ഗോൺസാലസ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
33-ാം മിനിറ്റില്‍ ഗോണ്‍സാലസിന്‍റെ പാസിൽ നിന്നും മെസി രണ്ടാം ഗോള്‍ നേടി. ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച മെസിയുടെ ഇടങ്കാലൻ ഷോട്ട് ഗോള്‍വര കടന്നു. രണ്ട് മിനിറ്റിനകം മെസിയുടെ പാസിൽ നിന്നും യുവതാരം എൻസോ ഫെർണാണ്ടസും ഗോൾ കണ്ടെത്തി. മത്സരത്തിന്‍റെ 37-ാം മിനിറ്റിലാണ് മെസി ഹാട്രിക് പൂർത്തിയാക്കിയത്. മെസിയും ലോ സെൽസോയും നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.