മാഡ്രിഡ്: അർജന്‍റീനയും ബ്രസീലുമടക്കം പ്രമുഖ ടീമുകളെല്ലാം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മിന്നും പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ ലോകകപ്പിൽ ലാറ്റിനമേരിക്കൻ ശക്‌തികളായ അർജന്‍റീനയും ബ്രസീലുമാണ് കൂടുതൽ കിരീട സാധ്യതയുള്ള ടീമുകളെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വെ. ലയണൽ മെസി നയിക്കുന്ന അർജന്‍റീനയ്‌ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്ന എൻറിക്വെ അതിനൊപ്പം ബ്രസീലിന്‍റെ പേര് കൂടെ ഉൾപ്പെടുത്തിയില്ലെങ്കിൽ മാധ്യമങ്ങൾ തനിക്കെതിരെ തിരിയുമെന്നും കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിന് ആറു മാസത്തോളം മാത്രം ബാക്കി നിൽക്കെ ഇത്തവണ കിരീട സാധ്യതയുള്ള നിരവധി ടീമുകളുണ്ട്. യൂറോപ്യൻ ടീമുകളായ ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങി നിരവധി പേർ കരുത്തരായാണ് ഇറങ്ങുന്നതെങ്കിലും ലാറ്റിനമേരിക്കൻ ശക്തികൾക്കാണ് എൻറിക്വെ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ഖത്തറില്‍ ആര്‍ക്കാണ് കൂടുതല്‍ സാധ്യത എന്ന ചോദ്യത്തിന് സ്‌പാനിഷ് കോച്ച് നല്‍കുന്ന മറുപടി ഇങ്ങനെയായിരുന്നു; 'മറ്റുള്ള ടീമുകളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ടീം ഏതെന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നത് അര്‍ജന്‍റീന എന്നാണ്. കാരണം അവർ മറ്റെല്ലാവരെക്കാളും വളരെ മുന്നിലാണുള്ളത്, അതിനൊപ്പം ബ്രസീലും. അവരെ ഉൾപ്പെടുത്തിയില്ലെങ്കിൽ മാധ്യമങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയരും. നമ്മളെന്ത് തന്നെ പറഞ്ഞാലും അത് വളച്ചൊടിക്കപ്പെടുകയും ചെയ്യും', ലൂയിസ് പറഞ്ഞു.