റിയാദ്: അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ (Arab Club Champions Cup) മുത്തമിട്ട് അല്‍ നസ്‌ര്‍ (Al Nassr). കലാശപ്പോരാട്ടത്തില്‍ അല്‍ ഹിലാലിനെ (Al Hilal) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസ്‌ര്‍ വിജയ കിരീടം ചൂടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) ഇരട്ട ഗോള്‍ പ്രകടനമാണ് അല്‍ നസ്‌റിനെ കിരീടത്തിലേക്ക് എത്തിച്ചത്. യൂറോപ്പ് വിട്ടെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ ആദ്യ കിരീടം കൂടിയാണിത്.
കിങ് ഫഹദ് അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആവേശകരമായ പോരാട്ടമാണ് ഇരു ടീമും കാഴ്‌ചവച്ചത്. ആദ്യ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തന്നെ ഇരു ബോക്‌സിലേക്കും പന്തെത്തി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ഒന്നാം പകുതിയില്‍ ഗോള്‍ മാത്രം അകന്നു നിന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ തിരികെ കളത്തിലെത്തിയ അല്‍ ഹിലാല്‍ മത്സരത്തില്‍ ആദ്യം ഗോള്‍ നേടി. 51-ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം മൈക്കിളിന്‍റെ വകയായിരുന്നു ഗോള്‍. അല്‍ നസ്‌ര്‍ ആരാധകരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഈ ഗോള്‍.
ഇതിന് പിന്നാലെ 71-ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡിലൂടെ അല്‍ നസ്‌റിന് മറ്റൊരു പ്രഹരമേല്‍ക്കേണ്ടി വന്നു. അവരുടെ പ്രതിരോധ നിര താരം അബ്‌ദുള്ള അല്‍ അമ്രിയാണ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത്. ഇതോടെ, അല്‍ നസ്ര്‍ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങി.