ബ്യൂണസ് ഐറിസ് : ഖത്തറിലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം എയ്‌ഞ്ചൽ ഡി മരിയ. ഉടൻ കളി നിർത്തില്ലെന്നും ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായി കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റിയതെന്നും ഡി മരിയ പറഞ്ഞു. നേരത്തെ ലോകകപ്പിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ സൂചന നൽകിയിരുന്നു. 2024 ലെ കോപ്പ അമേരിക്ക വരെ താരം ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം തുടർച്ചയായി എത്തുന്ന പരിക്ക് ഡി മരിയയ്‌ക്ക് തലവേദനയാകുമെന്നാണ് സൂചന. പരിക്കുമൂലം ലോകകപ്പിലും താരം ഏറെ ബുദ്ധിമുട്ടിയിരുന്നു. ക്വാർട്ടറിലും സെമിയിലും താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഫൈനലിൽ തിരിച്ചെത്തി തകർപ്പൻ പ്രകടനം കാഴ്‌ചവച്ച് അർജന്‍റീനയെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞിരുന്നു. അർജന്‍റീനയുടെ ആദ്യ ഗോളായ പെനാൽറ്റിക്ക് വഴിയൊരുക്കിയതും, ടീമിന്‍റെ രണ്ടാം ഗോൾ നേടിയതും ഡി മരിയയായിരുന്നു.
ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്‌തതിനാണ് അര്‍ജന്‍റീനയ്ക്ക് ആദ്യം പെനാല്‍റ്റി ലഭിച്ചതും നീലപ്പട മുന്നിലെത്തിയതും. മാക് അലിസ്റ്ററിന്‍റെ അസിസ്റ്റിലാണ് ഡി മരിയ ഫൈനലിലെ അർജന്‍റീനയുടെ രണ്ടാം ഗോൾ നേടിയത്. ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ അലിസ്റ്റര്‍ പന്ത് ഡി മരിയയുടെ കാലുകളിലെത്തിക്കുകയും താരം ഹ്യൂഗോ ലോറിസിനെ കാഴ്‌ചക്കാരനാക്കി മനോഹരമായി പന്ത് വലയ്‌ക്കുള്ളിലാക്കുകയുമായിരുന്നു.
അർജന്‍റീനയ്‌ക്കായി തുടർച്ചയായ മൂന്നാം ഫൈനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയഗോൾ കുറിച്ചു. ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യം കണ്ടിരുന്നു. 2008-ൽ അർജന്‍റീനയ്‌ക്കായി അരങ്ങേറിയ ഡി മരിയ ആൽബിസെലെസ്റ്റിനായി 129 മത്സരങ്ങളിൽ പന്തുതട്ടിയിട്ടുണ്ട്. ഇതിൽ 28 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.