പാരീസ്: പിഎസ്‌ജിക്കായുള്ള അവസാന മത്സരവും കളിച്ചതിന് പിന്നാലെ നിറ കണ്ണുകളോടെ ആരാധകരോട് വിട പറഞ്ഞ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. പിഎസ്‌ജിയുടെ സ്വന്തം തട്ടകമായ പാർക് ഡി പ്രിൻസസിൽ മെറ്റ്‌സിനെതിരായാണ് താരം അവസാന മത്സരത്തിനിറങ്ങിയത്. ഏഴ് വർഷങ്ങളായി ക്ലബിനൊപ്പമുള്ള താരം മത്സരത്തിന്‍റെ 75ാം മിനിട്ടില്‍ സബ് ചെയ്യപ്പെട്ടപ്പോൾ എഴുന്നേറ്റ് നിന്നു കയ്യടിച്ചാണ് അരാധകര്‍ യാത്രയാക്കിയത്.
അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായും, വിങ്ങറായും ക്ലബിനൊപ്പം തിളങ്ങിയ ഡി മരിയയുടെ ഫ്രഞ്ച് ക്ലബിനായുള്ള തന്‍റെ അവസാന മത്സരത്തിലും ഗോള്‍ നേടിയാണ് മടങ്ങിയത്. എംബാപ്പെ മൂന്ന് തവണയും ഡി മരിയയ്‌ക്ക് പുറമെ നെയ്‌മറും ലക്ഷ്യം കണ്ട മത്സരത്തില്‍ മെറ്റ്‌സിനെ ഏക പക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലീഗ് വണ്‍ കിരീടം കൂടുതല്‍ ആധികാരികമായി തന്നെ ഉയര്‍ത്താനും പിഎസ്‌ജിക്കായി.