സൗദി ക്ലബ്ബുകളിൽ നിന്നുള്ള കോടികളുടെ ഓഫറുകൾ നിരസിച്ച് പോർച്ചുഗീസ് ക്ലബ്ബായ എസ് എൽ ബെൻഫിക്കയിൽ തിരിച്ചെത്തി അർജന്‍റീനയുടെ സൂപ്പർ താരം എയ്‌ഞ്ചൽ ഡി മരിയ. യുവന്‍റസുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഫ്രീ ട്രാൻസ്‌ഫറിലാണ് ഡി മരിയ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. നേരത്തെ 2007 മുതൽ 2010 വരെ ബെൻഫിക്കയുടെ താരമായിരുന്നു ഡി മരിയ.
2024 ജൂണ്‍ വരെ ഒരു വർഷത്തെ കരാറിലാണ് 35 കാരനായ താരം ബെൻഫിക്കയില്‍ ചേക്കേറുന്നത്. 'വെൽക്കം ഹോം, ഡി മരിയ!' എന്ന തലക്കെട്ടോടെയാണ് ഡി മരിയയുടെ മടങ്ങി വരവ് സ്ഥിരീകരിച്ചുള്ള ചിത്രം ബെൻഫിക്ക പങ്കുവച്ചത്. വിങ്ങില്‍ അനുഭവ സമ്പത്തുള്ള താരത്തെ കൊണ്ടുവന്ന് വരാനിരിക്കുന്ന സീസണിൽ കിരീടം നിലനിർത്താനാണ് പോർച്ചുഗീസ് പ്രൈമിറ ലിഗ ചാമ്പ്യൻമാരായ ബെൻഫിക്കയുടെ ശ്രമം.
അർജന്‍റീന ദേശീയ ടീമിലെ സഹതാരം നിക്കോളാസ് ഒട്ടമെൻഡിയും ബെൻഫിക്കയിലാണ് കളിക്കുന്നത്. ഇതും ഡി മരിയയുടെ തിരിച്ചുവരവിന് കാരണമായി എന്നാണ് കണക്കുകൂട്ടൽ. യുവന്‍റസുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെ സൗദി അറേബ്യൻ ക്ലബ്ബുകളും, അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബുകളും ഡി മരിയയെ റാഞ്ചാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
അർജന്‍റീനയിലെ തന്‍റെ സഹതാരം ലയണൽ മെസി അമേരിക്കൻ ലീഗായ ഇന്‍റർ മിയാമി എഫ് സിയിലേക്ക് പോയതോടെ ഡി മരിയയും മെസിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഡി മരിയ തന്‍റെ പഴയ തട്ടകം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അർജന്‍റീനയിലെ റൊസാരിയോ സെൻട്രൽ ക്ലബ്ബില്‍ നിന്നാണ് 2007ൽ ഡി മരിയ ബെൻഫിക്കയിലേക്കെത്തിയത്.
തുടർന്ന് 2010 മുതൽ 2014 വരെ റയൽ മാഡ്രിഡിനായും താരം പന്തുതട്ടി. പിന്നീട് ഒരു സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും താരം പന്ത് തട്ടി. 2015 മുതൽ 2022 വരെ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പിഎസ്‌ജിയുടെ മുന്നണിപ്പോരാളിയായിരുന്ന താരം ഇവിടെ നിന്നാണ് കഴിഞ്ഞ സീസണിൽ യുവന്‍റസിലേക്ക് എത്തിയത്. കളിച്ച ടീമുകൾക്കൊപ്പമെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനും ഡി മരിയയ്‌ക്കായിരുന്നു.
ബെൻഫിക്കയ്‌ക്കായി 76 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും, റയൽ മാഡ്രിഡിനായി 124 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും, മാഞ്ചസ്റ്റർ യുണൈറ്റഡിനായി 27 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും, പിഎസ്‌ജിക്കായി 197 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും, ജുവന്‍റസിനായി 26 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും ഡി മരിയ സ്വന്തമാക്കിയിട്ടുണ്ട്.
അർജന്‍റീന ദേശീയ ടീമിനായി 132 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും ഡി മരിയ നേടി. നേരത്തെ ലോകകപ്പിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡി മരിയ ലോകകപ്പ് വിജയത്തിന് ശേഷം ഇത് പിൻവലിച്ചിരുന്നു. ഉടൻ കളി നിർത്തില്ലെന്നും ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായി കളിക്കണമെന്ന ആഗ്രഹത്തിലാണ് വിരമിക്കൽ തീരുമാനം പിൻവലിച്ചതെന്നും ഡി മരിയ പറഞ്ഞിരുന്നു.