ടൂറിന്‍:അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം എയ്‌ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ ചേര്‍ന്നു. ഒരു വര്‍ഷ കരാറിലാണ് 34-കാരനായ താരം സീരി എ ക്ലബില്‍ എത്തുന്നത്. ഇതോടെ 2023 ജൂണ്‍ അവസാനം വരെ ഡി മരിയ യുവന്‍റസിനൊപ്പം ഉണ്ടാവും.
ഇക്കാര്യം യുവന്‍റസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിയറില്‍ പുതിയൊരു ചുവടുവയ്‌പ്പാണ് ഇതെന്ന് ഡി മരിയ പറഞ്ഞു. യുവന്‍റസിനൊപ്പം ചേരുന്നതില്‍ സന്തോഷവും ആവേശവുമുണ്ട്. യുവന്‍റസിന്‍റെ കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ ദിനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെയുള്ള എല്ലാവരും ഒരു കുടുംബം പോലെയാണെന്നും ഡി മരിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ കരാര്‍ അവസാനിച്ചതോടെ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ഡി മരിയ യുവന്‍റസില്‍ എത്തുന്നത്. 2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പാരീസില്‍ എത്തിയ താരം ഏഴ് വര്‍ഷത്തെ പിഎസ്‌ജി ബന്ധമാണ് അവസാനിപ്പിച്ചത്.