ബ്യൂണസ് ഐറിസ് : അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റൈന്‍ വിങ്ങര്‍ എയ്‌ഞ്ചല്‍ ഡി മരിയ (Angel Di Maria Announced Retirement From International Football). 2024ലെ കോപ അമേരിക്കയ്‌ക്ക് (Copa America 2024) ശേഷം പുല്‍മൈതാനങ്ങളോട് വിട പറയുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. നീണ്ട 16 വര്‍ഷത്തെ കരിയറാണ് താരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
2008ല്‍ ആദ്യമായി അര്‍ജന്‍റൈന്‍ ജഴ്‌സിയണിഞ്ഞ ഡി മരിയ ദേശീയ ടീമിനായി ഇതുവരെ കളിച്ചത് 136 മത്സരങ്ങള്‍, നേടിയത് 29 ഗോളുകള്‍ (Angel Di Maria Goals For Argentina). കഴിഞ്ഞ നാല് ലോകകപ്പുകളിലും ഡി മരിയ അര്‍ജന്‍റീനയുടെ നീലയും വെള്ളയും നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ മെസിപ്പടയ്‌ക്കുവേണ്ടി ഒരു ഗോള്‍ നേടാനും ഡി മരിയക്ക് സാധിച്ചിരുന്നു.
ഇതോടെ തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോള്‍ നേടാനും ഡി മരിയക്കായി. 2021 കോപ അമേരിക്കയില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്‍റൈന്‍ സംഘത്തിന് വേണ്ടി വിജയഗോള്‍ നേടിയത് ഡി മരിയ ആണ്. പിന്നാലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലും ഇറ്റലിക്കെതിരായ ഫൈനലിസിമയിലും അര്‍ജന്‍റൈന്‍ മാലാഖയുടെ ബൂട്ടില്‍ നിന്നും ഗോളുകള്‍ പിറന്നു.
അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ ബ്രസീല്‍ അര്‍ജന്‍റീന മത്സരത്തിലും ഡി മരിയ തന്‍റെ ടീമിനായി ബൂട്ടണിഞ്ഞിരുന്നു. 78-ാം മിനിട്ടില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് പകരക്കാരനായിട്ടാണ് ഡി മരിയ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ചിരവൈരികളായ കാനറിപ്പടയ്‌ക്കെതിരെ ഏക പക്ഷീയമായ ഒരു ഗോളിന്‍റെ ജയം നേടിയാണ് അര്‍ജന്‍റീന മാറക്കാന സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.