കേരളം

kerala

ETV Bharat / sports

ബോട്ടുമുങ്ങിയത് സ്രാവുകളുള്ള ഭാഗത്ത്, ജീവന്‍ പണയപ്പെടുത്തി 3 മണിക്കൂറിലേറെ നീന്തി കരപിടിച്ച് സൈമണ്ട്സ് ; സാഹസം ഹരമാക്കിയ ഓള്‍റൗണ്ടര്‍ - Australian Cricket Andrew Symonds Career Records

മീന്‍പിടിത്തവും നീന്തലും ഹരമായിരുന്നു ആന്‍ഡ്ര്യൂ സൈമണ്ട്സിന്. അത് പലപ്പോഴും അദ്ദേഹത്തെ അപകടാനുഭവങ്ങളിലൂടെ നയിച്ചിരുന്നു

andrew-symonds-who-loved-fishing-and-swimming
അന്ന് ബോട്ടുമറിഞ്ഞപ്പോള്‍ മുങ്ങിയത് സ്രാവുകളുള്ള ജലാശയത്തില്‍, 3 മണിക്കൂര്‍ നീന്തി കരപിടിച്ച് സൈമണ്ട്സ് ; സാഹസം ഹരമാക്കിയ ഓള്‍റൗണ്ടര്‍

By

Published : May 15, 2022, 8:26 AM IST

ക്വീന്‍സ്‌ലാന്‍ഡ് : ക്രിക്കറ്റ് കളത്തിന് പുറത്തെ വിനോദങ്ങളില്‍ നീന്തലും മീന്‍പിടിത്തവും ഹരമായിരുന്നു ആന്‍ഡ്ര്യൂ സൈമണ്ട്സിന്. ഇതുമായി ബന്ധപ്പെട്ട ഇറങ്ങിത്തിരിക്കലുകള്‍ താരത്തെ അത്യന്തം അപകടാനുഭവങ്ങളിലൂടെ നടത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ സ്റ്റീഫന്‍ ഗ്രേ എഴുതിയതിങ്ങനെ.

'സൈമണ്ട്സിന് ഫിഷിംഗ് ഒഴിച്ചുകൂടാനാവാത്തതാണ്, നീന്തലും ഏറെ പ്രിയം. ഒരൊഴിവുകാലത്ത്, അടുത്ത സുഹൃത്തും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ സഹതാരവുമായിരുന്ന മാത്യു ഹെയ്‌ഡനൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. ആ യാത്രതിരിക്കല്‍ അക്ഷരാര്‍ഥത്തില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന സംഭവങ്ങളിലൂടെയാണ് താരത്തെയും കൂട്ടുകാരെയും നയിച്ചത്.

ആന്‍ഡ്ര്യൂ സൈമണ്ട്സും മാത്യു ഹെയ്‌ഡനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഒരു ജലാശയത്തിലൂടെ ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. പൊടുന്നനെ ബോട്ടുമുങ്ങി. ഏറെ ആഴമുള്ള ഇടമായിരുന്നു. നിറയെ സ്രാവുകളുള്ള ഭാഗവും.അത് അവര്‍ക്ക് നേരത്തേ അറിയാമായിരുന്നതുമാണ്. അപ്രതീക്ഷിതമായ അപകടത്തില്‍ നിന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത മൂവരും നീന്താന്‍ ആരംഭിച്ചു. അകലെ കാണാമായിരുന്ന ദ്വീപിലെത്തുകയായിരുന്നു ലക്ഷ്യം.

ധൈര്യം സംഭരിച്ച് രണ്ടുംകല്‍പ്പിച്ച് അവര്‍ നീന്തല്‍ തുടര്‍ന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് അവര്‍ കരപിടിച്ചത്. തുടര്‍ന്ന് ആ ദ്വീപില്‍ നിന്ന് അധികൃതരുടെ സഹായത്തോടെയാണ് പുറം ലോകത്തെത്തിയത്'- റോയ് : ഗോയിങ് ഫോര്‍ ബ്രോക്ക് എന്ന ജീവചരിത്രം ആന്‍ഡ്ര്യൂ സൈമണ്ട്സുമായി ചേര്‍ന്നാണ് ഗ്രേ എഴുതിയത്.

കടലിന് സമീപമാണ് ആന്‍ഡ്ര്യൂ സൈമണ്ട്സിന്‍റെ വീട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താരം ഏറെ സമയവും ചിലവഴിച്ചത് മീന്‍പിടിത്തത്തിനായിരുന്നു. അതിനായി മികച്ചൊരു ഫിഷിംഗ് ബോട്ടും അത്യാധുനിക ഉപകരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റിനപ്പുറം നീന്തലും കൃഷിയും വിനോദങ്ങളായുണ്ടായിരുന്നെങ്കിലും മുഖ്യ ഊന്നല്‍ മീന്‍പിടിത്തത്തിനായിരുന്നു.

ചെറുപ്പം മുതല്‍ അത് അദ്ദേഹത്തിന് ആനന്ദം നല്‍കിയിരുന്നു. മണിക്കൂറുകളോളം മീന്‍പിടിക്കാന്‍ ചെലവഴിക്കുന്നത് താരത്തിന്‍റെ ഇഷ്ടവും കൗതുകവും വര്‍ധിപ്പിച്ചതല്ലാതെ തെല്ലും കുറച്ചില്ല.അതിനുള്ള ഒരു അവസരവും താരം നഷ്‌ടപ്പെടുത്തിയതുമില്ല. ക്വീന്‍സ് ലാന്‍ഡിന്‍റെ തീരമേഖലയില്‍ മീന്‍പിടിത്തവും നീന്തലും ആളുകളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഇതാണ് അദ്ദേഹത്തെ അത്തരത്തില്‍ പരുവപ്പെടുത്തിയത്.

ടീം മീറ്റിങ്ങും പരിശീലനവും ഒഴിവാക്കി മീന്‍പിടിക്കാന്‍ പോയതിന് അച്ചടക്ക നടപടികള്‍ കൂടി നേരിട്ടിട്ടുണ്ട് താരം. 2008 ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കിടെയായിരുന്നു സംഭവം. യോഗത്തിലും പരിശീലനത്തിലും പങ്കെടുക്കാതെ ഫിഷിംഗിന് പോയ താരത്തെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പ്രിയ താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ക്വീന്‍സ്‌ലാന്‍ഡിലെ ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡിലുണ്ടായ കാറപകടത്തിലാണ് 46 കാരനായ റോയ് എന്ന ആന്‍ഡ്ര്യുവിന്‍റെ വിയോഗം. ആരാധക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സങ്കടക്കടലിരമ്പം തീര്‍ത്താണ് സാഹസങ്ങളുടെ പാഡഴിച്ചുള്ള സൈമണ്ട്സിന്‍റെ യാത്ര.

ABOUT THE AUTHOR

...view details