ഹാങ്ചോ:ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി (Ancy Sojan wins silver in women's long jump at Asian Games 2023). കരിയറിലെ മികച്ച ദൂരം താണ്ടിയാണ് ഏഷ്യൻ ഗെയിംസില്‍ ആൻസി വെള്ളി മെഡല്‍ നേടിയത്. തൃശൂർ നാട്ടിക സ്വദേശിയാണ് ആൻസി സോജൻ (Ancy Sojan). 6.63 മീറ്ററാണ് ആൻസി ചാടിയത്. തന്റെ അഞ്ചാം ശ്രമത്തിലാണ് ആന്‍സി വെള്ളി ദൂരം കണ്ടെത്തിയത്.
ചൈനയുടെ ഷിക്കി സിയോങ്ങാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കരിയര്‍ ബെസ്റ്റായ 6.73 മീറ്റർ ചാടിയാണ് താരം സ്വര്‍ണം ഉറപ്പിച്ചത്. 6.50 മീറ്റര്‍ ദൂരം കണ്ടെത്തിയ ഹോങ്കോങ്ങിന്റെ എൻഗ യാൻ ആണ് വെള്ളി സ്വന്തമാക്കിയത്. താരത്തിന്റെയും ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായിരുന്നുവിത്.
മറ്റൊരു ഇന്ത്യന്‍ താരമായ ഷൈലി സിങ്ങും ഇതേ ഇനത്തില്‍ മത്സരിച്ചിരുന്നു. 6.48 മീറ്റർ ചാടിയ താരത്തിന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. അതേസമയം ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ മലയാളി അത്ലറ്റുകള് നേടുന്ന മൂന്നാമത്തെ മെഡലാണ് ആൻസി സോജന്റേത്.
ഗെയിംസിന്റെ എട്ടാം ദിനമായ ഇന്നലെ മലയാളികളായ ജിന്സന് ജോണ്സണ് (Jinson Johnson), എം ശ്രീശങ്കര്‍ (M Sreeshankar) എന്നിവര്‍ മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്സന് ജോണ്സണ് വെങ്കലം നേടിയപ്പോള്‍ പുരുഷ വിഭാഗം ലോങ് ജംപില്‍ വെള്ളി മെഡലാണ് എം ശ്രീശങ്കര്‍ സ്വന്തമാക്കിയത്.