യൂജിന്‍ : ലോക അത്‌ലറ്റിക്‌സിൽ പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ അമേരിക്കൻ ഇതിഹാസതാരം അലിസണ്‍ ഫെലിക്‌സ് ട്രാക്കിൽ നിന്ന് വിടവാങ്ങി. 20 വര്‍ഷം നീണ്ട കരിയറിൽ 19 മെഡലുകളാണ് ഫെലിക്‌സ് സ്വന്തമാക്കിയത്. ഈ വർഷത്തെ അമേരിക്കയുടെ 4x400 മിക്‌സ്‌ഡ് റിലേ ടീമിനൊപ്പം വെങ്കല നേട്ടത്തോടെയാണ് മത്സര രംഗത്തുനിന്ന് പടിയിറങ്ങുന്നത്.
എലിജ ഗോഡ്വിന്‍, വെര്‍ണന്‍ നോര്‍വുഡ്, കെന്നഡി സിംസണ്‍ എന്നിവരും ഉള്‍പ്പെട്ട അമേരിക്കന്‍ ടീം മൂന്ന് മിനിട്ട് 10.16 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. 3.09.82 ൽ മത്സരം പൂർത്തിയാക്കിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് സ്വര്‍ണവും 3.09.90 ൽ ഫിനിഷിങ് പോയിന്‍റ് കടന്ന ഹോളണ്ട് ടീം വെള്ളിയും നേടി. 'അവസാനത്തെ മത്സരം സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലായതില്‍ ഏറെ സന്തോഷമുണ്ട്. എന്‍റെ മകള്‍ ഗാലറിയിലിരുന്ന് എല്ലാം കാണുന്നുണ്ട്. ഈ രാത്രി എനിക്ക് മറക്കാനാകില്ല' - മത്സരശേഷം ഫെലിക്‌സ് പറഞ്ഞു.