ന്യൂഡല്‍ഹി: ഫിഫ വിലക്കിനെ തുടര്‍ന്ന് എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഗോകുലം കേരള എഫ്‌സിയോട് മാപ്പ് പറഞ്ഞ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്). വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് എഐഎഫ്‌എഫ് ഗോകുലം കേരളയോട് മാപ്പ് പറഞ്ഞത്. എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി 23 അംഗ ടീം ഉസ്‍ബെക്കിസ്ഥാനിലെ താഷ്‍കന്‍റിലെത്തിയിരുന്നെങ്കിലും വിലക്കിന്‍റെ പശ്ചാത്തലത്തില്‍ പങ്കെടുക്കാനാവാതെ തിരികെ പോരുകയായിരുന്നു.
താഷ്‍കന്‍റിലെത്തിയതിന് ശേഷം മാത്രമാണ് ഫിഫ വിലക്കിനെക്കുറിച്ച് ടീമംഗങ്ങള്‍ അറിയുന്നത്. എഐഎഫ്‌എഫിന്‍റെ 'കാര്യക്ഷമതയില്ലായ്‌മ' ക്ലബ്ബിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് ഗോകുലം കേരള ഉടമ വിസി പ്രവീൺ പറഞ്ഞു. കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും യാത്ര ചെലവുകൾക്കും അവരുടെ താമസത്തിനുമായി ചെലവഴിച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നെങ്കിലും ഫെഡറേഷന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.