ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെന്‍ പുരുഷ വിഭാഗ സിംഗിൾസിൽ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ചതോടെയാണ് ഇന്ത്യന്‍ താരം സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നിന്‍റെ എതിരാളിയായിരുന്ന ചൈനയുടെ ലു ഗുവാങ് സു മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ലക്ഷ്യ സെമിയിലെത്തിയത്.
നിലവിലെ ചാമ്പ്യന്‍ മലേഷ്യയുടെ ലീ സി ജിയയാണ് സെമിയില്‍ ലക്ഷ്യ സെന്നിന്‍റെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റോ മൊമോട്ടയെ തോൽപ്പിച്ചാണ് ലീ സി ജിയുടെ വരവ്.
നേരത്തെ പ്രീക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്‌സ് അന്‍റോണ്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇരുപതുകാരനായ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയത്.
ALSO READ:All England Open: ചരിത്ര നേട്ടം; വനിത ഡബിൾസിൽ സെമിയിൽ പ്രവേശിച്ച് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം
ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ വനിത ഡബിൾസിൽ ചരിത്ര നേട്ടത്തോടെ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്‍റെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത ജോഡി എന്ന നേട്ടമാണ് ഇന്ത്യൻ സഖ്യം നേടിയത്. കൊറിയൻ രണ്ടാം സീഡായ ലീ സോഹി-ഷിൻ സ്യൂങ്ചാൻ സഖ്യത്തിനെതിരെ അട്ടിമറി വിജയമാണ് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം നേടിയത്.
സ്കോർ: 14-21, 22-20, 21-15.
പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്‍ഡോനേഷ്യയുടെ കെവിന്‍ സുകാമുല്‍ജോ - മാര്‍ക്കസ് ഗിഡിയോണ്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പൊരുതി തോറ്റിരുന്നു. ആദ്യ ഗെയിമില്‍ 20-15ന് മുന്നിലെത്തിയശേഷമാണ് ഇന്ത്യന്‍ സഖ്യം ഗെയിം കൈവിട്ടത്.