മാഡ്രിഡ്: ലാലിഗയിലെ മത്സരശേഷം റയൽ മാഡ്രിഡ് താരം ഫെഡറികോ വാൽവെർദെ മുഖത്തടിച്ചതിൽ പൊലിസിൽ പരാതി നൽകി വിയ്യാറയൽ താരം അലക്‌സ് ബെയ്‌ന. വിയ്യാറയലുമായുള്ള മത്സരത്തിലെ തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് വാൽവെർദെ ബെയ്‌നയെ ആക്രമിച്ചു എന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. മത്സരത്തിനിടെ തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഭാര്യയെയും കുറിച്ച് അപകീർത്തകരമായ പരാമർശം നടത്തിയതിൽ പ്രകോപിതനായാണ് വാൽവെർദെ എതിർതാരമായ ബെയ്‌നയെ ഇടിച്ചെതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ജനുവരിയിൽ കോപ്പ ഡെൽ റേ മത്സരത്തിനിടെയും സമാനമായ രീതിയിൽ ബെയ്‌ന സംസാരിച്ചിരുന്നുവെന്നത് താരം ശക്‌തമായി നിഷേധിക്കുകയാണ്. റയൽ മാഡ്രിഡിനെതിരായ മത്സരശേഷം എതിർടീമിലെ താരത്തിൽ നിന്നും തനിക്ക് അക്രമം നേരിടേണ്ടി വന്നു. വാൽവെർദയുടെ പേര് പരാമർശിക്കാതെയാണ് ബെയ്‌ന പ്രസ്‌താവനയിൽ പറഞ്ഞത്. ആ താരത്തിന്‍റെ കുടുംബാംഗങ്ങളിൽ ഒരാളുടെ വേദന ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഒരു വിഭാഗം ആളുകൾ തനിക്കെതിരെ രംഗത്തെത്തിയത്.
എന്നാൽ തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ ആരോപണങ്ങൾക്ക് പിന്നാലെ തന്‍റെ കുടുംബത്തിന് വധഭീഷണിയുണ്ടെന്നും ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും വിയ്യാറയൽ താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിൽ പറയുന്നു.