കേരളം

kerala

ETV Bharat / sports

യുണൈറ്റഡിന്‍റെ 19-കാരന്‍ അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാകുന്നു ; പങ്കാളി ഇവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം - നെയ്‌മര്‍

കാമുകി ഇവ ഗാർസിയയ്‌ക്കൊപ്പം തന്‍റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിങ്ങര്‍ അലസാന്ദ്രോ ഗര്‍നാച്ചോ

Alejandro Garnacho  Alejandro Garnacho girlfriend Eva Garcia  Eva Garcia  manchester united  അലസാന്ദ്രോ ഗര്‍നാച്ചോ  അലസാന്ദ്രോ ഗര്‍നാച്ചോ ഗേള്‍ ഫ്രണ്ട് ഇവ ഗാർസിയ  ഇവ ഗാർസിയ  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  neymar  Bruna Biancardi  നെയ്‌മര്‍  ബ്രൂണ ബിയാന്‍കാര്‍ഡി
അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാകുന്നു

By

Published : Jul 17, 2023, 6:11 PM IST

മാഡ്രിഡ് : ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അര്‍ജന്‍റൈന്‍ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാവുന്നു. കാമുകി ഇവ ഗാർസിയയ്‌ക്കൊപ്പം തന്‍റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായി 19-കാരനായ അലസാന്ദ്രോ ഗര്‍നാച്ചോ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇവ ഗാർസിയയുടെ വയറ്റില്‍ ചുംബിക്കുന്നതുള്‍പ്പടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അലസാന്ദ്രോ ഗര്‍നാച്ചോ തന്‍റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

തങ്ങളുടെ ലോകത്ത് തങ്ങള്‍ രണ്ട് പേര്‍ മാത്രമുള്ള അവസാന സമ്മറാണിതെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അലസാന്ദ്രോ ഗര്‍നാച്ചോ എഴുതിയിരിക്കുന്നത്. സ്പാനിഷ് പൗരത്വവുമുള്ള അലസാന്ദ്രോ ഗര്‍നാച്ചോ സ്‌പെയിനില്‍ നിന്ന് തന്നെയാണ് തന്‍റെ പങ്കാളിയേയും കണ്ടെത്തിയത്. നേരത്തെ, സ്‌പെയിനെ ജൂനിയര്‍ തലത്തില്‍ പ്രതിനിധീകരിച്ച താരം, രാജ്യത്തിനായി തന്നെ അന്താരാഷ്‌ട്ര തലത്തില്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ സൗഹൃദ മത്സരത്തിലൂടെ അര്‍ജന്‍റൈന്‍ കുപ്പായത്തില്‍ അരങ്ങേറിയിരുന്നു. അര്‍ജന്‍റീനക്കാരനാണെന്നും, അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിക്കുന്നതില്‍ താനും കുടുംബവും സന്തോഷിക്കുന്നതായും താരം പ്രതികരിക്കുകയും ചെയ്‌തു.

അതേസമയം അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ വിങ്ങറായ അലസാന്ദ്രോ ഗര്‍നാച്ചോ പുതുക്കിയിരുന്നു. 2028 ജൂണ്‍ വരെ നീളുന്ന അഞ്ച് വര്‍ഷത്തേക്കുള്ള കരാറാണ് താരം യുണൈറ്റഡുമായി പുതിയതായി ഒപ്പുവച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മിന്നും ഫോമിലായിരുന്ന ഗര്‍നാച്ചോയ്‌ക്ക് മാർച്ചില്‍ പരിക്കേറ്റത് തിരിച്ചടിയായിരുന്നു.

സതാംപ്ടണിനെതിരായ മത്സരത്തില്‍ കണങ്കാൽ ലിഗ്‌മെന്‍റിനായിരുന്നു പരിക്കേറ്റത്. പരിക്കിന് മുമ്പ് ചുവന്ന ചെകുത്താന്മാര്‍ക്കായി 31 മത്സരങ്ങളിൽ നിന്ന് ഗർനാച്ചോ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ അലസാന്ദ്രോ ഗര്‍നാച്ചോയില്‍ വലിയ പ്രതീക്ഷയാണ് യുണൈറ്റഡിനും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനുമുള്ളത്.

എറിക് ടെന്‍ ഹാഗിന് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്‌തത്. കളിച്ച 38 മത്സരങ്ങളില്‍ 23 എണ്ണത്തില്‍ വിജയം പിടിച്ചുകൊണ്ടായിരുന്നു ടീമിന്‍റെ വമ്പന്‍ തിരിച്ചുവരവ്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാതിരുന്ന തൊട്ടുമുന്നത്തെ സീസണിന്‍റെ ക്ഷീണം തീര്‍ക്കാനും സംഘത്തിന് കഴിഞ്ഞു.

അതേസമയം ബ്രസീലിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ജൂനിയര്‍ വീണ്ടും അച്ഛനാവാനുള്ള ഒരുക്കത്തിലാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം നെയ്‌മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡി കഴിഞ്ഞ ഏപ്രിലിലാണ് ആരാധകരെ അറിയിച്ചത്. 31-കാരനായ ബ്രസീലിയന്‍ താരത്തിന്‍റെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന നോഗിര ഡാന്‍റാസില്‍ നെയ്‌മര്‍ക്ക് ഒരു മകനുണ്ട്. ഡേവിഡ് ലൂക്ക ഡി സില്‍വയെന്നാണ് ഇപ്പോള്‍ 12 വയസുകാരനായ മകന്‍റെ പേര്. 19-ാം വയസിലായിരുന്നു നെയ്‌മറും ആദ്യ കുഞ്ഞിനെ വരവേറ്റത്.

ALSO READ: 'ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസില്‍ നിന്നാരംഭിച്ച പ്രണയം'; ജീവിതം തുറന്നുപറഞ്ഞ് ചാഹലും ധനശ്രീയും

ആദ്യ കാലത്ത് ലൂക്ക ഡി സില്‍വയുടെ അമ്മ ആരാണെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ലെങ്കിലും പിന്നീട് നെയ്‌മറുമായുള്ള ബന്ധത്തെക്കുറിച്ച് കരോലീന വെളിപ്പെടുത്തുകയായിരുന്നു. 2010 മുതല്‍ 2011 വരെയായിരുന്നു കരോലീനയും നെയ്‌മറും തമ്മില്‍ ബന്ധമുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details