ലണ്ടന്‍:പ്രീമിയര്‍ ലീഗിലെ (Premier League) എവര്‍ട്ടണെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ കളിയാസ്വാദകരെ അമ്പരപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) 19കാരനായ താരം അലജാന്‍ഡ്രോ ഗര്‍നാച്ചോ (Alejandro Garnacho Goal). സീസണിലെ 13-ാം മത്സരത്തിനായി ഗുഡിസണ്‍ പാര്‍ക്കിലിറങ്ങിയ യുണൈറ്റഡിന് വേണ്ടിയായിരുന്നു ഗാര്‍നാച്ചോ തകര്‍പ്പന്‍ ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായും ഈ സീസണിലെ ഏറ്റവും മികച്ച ഗോളെന്ന വിശേഷണവും ഗര്‍നാച്ചോയുടെ ഗോളിന് ഫുട്‌ബോള്‍ പണ്ഡിതരും ആരാധകരും ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്.
എവര്‍ട്ടണെതിരായ എവേ മത്സരത്തിനിറങ്ങിയ യുണൈറ്റഡിനെ രക്ഷപ്പെടുത്തിയ ഗോളായിരുന്നു ഇതെന്ന് പറയാം. ഗുഡിസണ്‍ പാര്‍ക്കില്‍ ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിറ്റിലായിരുന്നു ഗര്‍നാച്ചോയുടെ പറക്കും ഗോള്‍ പിറന്നത്. തങ്ങളുടെ പകുതിയില്‍ നിന്നും ലിൻഡലോഫ് ഉയർത്തി നല്‍കിയ പന്ത് വലതുവിങ്ങില്‍ സൂപ്പര്‍ താരം റാഷ്ഫോര്‍ഡിലേക്ക്. മികച്ച രീതിയില്‍ പന്ത് കണ്‍ട്രോള്‍ ചെയ്‌ത് റാഷ്‌ഫോര്‍ഡ് മുന്നിലേക്ക് ഓടിക്കയറിയ ഡിയോഗോ ഡലോട്ടിന് പന്ത് കൈമാറി. പിന്നാലെ ബോക്‌സിന്‍റെ വലതുമൂലയില്‍ നിന്നും ഡലോട്ടിന്‍റെ ക്രോസ്. ഉയര്‍ന്നെത്തിയ പന്ത് അക്രോബാറ്റിക് കിക്കിലൂടെ അലജാന്‍ഡ്രോ ഗര്‍നാച്ചോ എവര്‍ട്ടണ്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു.
2011ല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം വെയ്‌ന്‍ റൂണി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ഗോളിനെ അനുസ്‌മരിപ്പിക്കുന്നതാണ് ഗര്‍നാച്ചോയുടെ ഗോളെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ സംസാരം. അതേസമയം, അതിശയ ഗോളിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'സ്യൂ' ആഘോഷം അനുകരിച്ചാണ് ഗര്‍നാച്ചോ ആഹ്ളാദം പങ്കിട്ടത്.