മിയാമി : മിയാമി ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി കാർലോസ് അൽകാരസ്. ഫൈനലില്‍ ആറാം സീഡ് കാസ്‌പർ റൂഡിനെയാണ് അൽകാരസ് തകര്‍ത്തുവിട്ടത്. സ്‌കോര്‍: 7-5, 6-4
മിയാമി ഓപ്പണിന്‍റെ 37 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ചാമ്പ്യനാണ് അൽകാരാസ്. 2007 ൽ സാക്ഷാൽ നൊവാക് ജ്യോക്കോവിച്ച് സ്ഥാപിച്ച റെക്കോഡ് ആണ് സ്‌പാനിഷ് യുവതാരം മറികടന്നത്. ചരിത്രത്തിൽ എ.ടി.പി 1000 മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരം കൂടിയായി അൽകാരസ് മാറി.
ALSO READ:നവോമി ഒസാക്കയെ തകർത്തു ; ഇഗാ സ്വിറ്റെകിന് മിയാമി ഓപ്പൺ കിരീടം
മിയാമിയിൽ സാക്ഷാൽ റാഫേൽ നദാലിനു നേടാനാവാത്ത കിരീടം നേടി മിയാമിയിൽ ജേതാവാകുന്ന ആദ്യ സ്‌പാനിഷ് താരമായും അൽകാരസ് മാറി. 18 കാരനായ അൽകാരസ് നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക എട്ടാം നമ്പർ താരം കാസ്‌പർ റൂഡിനെ വീഴ്ത്തിയത്. ആദ്യ സെറ്റിൽ 4-1 നു പിറകിൽ നിന്ന ശേഷം തിരിച്ചു ബ്രേക്ക് കണ്ടത്തി 7-5 നു സെറ്റ് നേടിയ അൽകാരസ് രണ്ടാം സെറ്റിൽ കൂടുതൽ അപകടകാരിയായി. 6-4 നു രണ്ടാം സെറ്റും നേടി അൽകാരസ് തന്‍റെ കരിയറിലെ ആദ്യ മാസ്റ്റേഴ്‌സ് കിരീടം ഉയർത്തി.
മത്സരത്തിൽ 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 4 തവണയാണ് എതിരാളിയെ അൽകാരസ് ബ്രേക്ക് ചെയ്‌തത്. ജയത്തോടെ ആദ്യ 10 റാങ്കിലേക്കും അൽകാരസ് അടുത്തു.