ന്യൂഡല്‍ഹി:ലയണല്‍ മെസി, എയ്‌ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, ജൂലിയൻ അല്‍വാരസ്, എൻസോ ഫെർണാണ്ടസ്... ഇവരൊക്കെ അടങ്ങുന്നൊരു സൂപ്പർ ഡ്യൂപ്പർ അർജന്‍റീനൻ ടീം ഇന്ത്യൻ ഫുട്‌ബോൾ ടീമിന് എതിരെ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടോ... അങ്ങനെയൊരു മത്സരത്തിന് റെഡിയെന്ന് പറഞ്ഞത് സാക്ഷാല്‍ അർജന്‍റീനൻ ഫുട്‌ബോൾ അസോസിയേഷന്‍... പക്ഷേ ആ മത്സരം അടുത്തൊന്നും കാണാനുള്ള ഭാഗ്യം ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്കുണ്ടാകില്ല.
കാരണം അർജന്‍റീനൻ ഫുട്‌ബോൾ അസോസിയേഷന്‍റെ അസുലഭ ഓഫർ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മെസിയും സംഘവും ഇന്ത്യയുമായി സൗഹൃദ ഫുട്‌ബോൾ മത്സരം കളിക്കുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ പോയതിന്‍റെ കാരണമാണ് ഏറ്റവും രസകരം. അർജന്‍റീനൻ ഫുട്‌ബോൾ ഫെഡറേഷൻ ചോദിച്ച പണം കൊടുക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് ശേഷിയില്ലത്രേ....
സാമ്പത്തിക കാരണങ്ങളാല്‍ ലോകചാമ്പ്യൻമാരുമായി ഏറ്റുമുട്ടാൻ ഞങ്ങളില്ലെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പറഞ്ഞതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 12-നും ജൂൺ 20-നും ഇടയില്‍ ഒഴിവുള്ള രണ്ട് സ്ലോട്ടുകളില്‍ ഇന്ത്യയില്‍ ഇന്ത്യയുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഓഫറായിരുന്നു ലയണല്‍ മെസിയുടെ അര്‍ജന്‍റീന മുന്നോട്ട് വച്ചത്. കഴിഞ്ഞ വര്‍ഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ലഭിച്ച പിന്തുണയുടെ ഭാഗമായി ദക്ഷിണേഷ്യയിൽ മത്സരങ്ങള്‍ കളിക്കാനുള്ള താൽപ്പര്യത്തിന്‍റെ ഭാഗമായിരുന്നു അര്‍ജന്‍റീനയുടെ ഓഫര്‍. എന്നാല്‍ ഇതിനായി ആവശ്യപ്പെട്ട തുക താങ്ങാവുന്നതിന് അപ്പുറമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്‌എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
"അർജന്‍റീനൻ ഫുട്‌ബോള്‍ അസോസിയേഷന്‍ സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചു. പക്ഷേ, അപ്പിയറന്‍സ് ഫീയായി അവര്‍ ആവശ്യപ്പെടുന്ന തുക വളരെ വലുതാണ്. അത്രയും വലിയ തുക ക്രമീകരിക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഫുട്ബോളിലെ സാമ്പത്തിക സ്ഥിതിയില്‍ നമുക്ക് ഏറെ പരിമിതികളുണ്ട്. അത്തരമൊരു മത്സരം ഇവിടെ നടക്കണമെങ്കിൽ, നമുക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്" - എഐഎഫ്‌എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.