ന്യൂഡല്‍ഹി :സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്നും മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) AIFF sacks secretary general Shaji Prabhakaran. ടെര്‍മിനേഷന്‍ ലെറ്റര്‍ എഐഎഫ്‌എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ (AIFF president Kalyan Chaubey) ഷാജി പ്രഭാകരന് നേരിട്ട് കൈമാറി. സെക്രട്ടറി ജനറലിന്‍റെ താത്‌കാലിക ചുമതല നിലവിലെ ഡെപ്യൂട്ടി സെക്രട്ടറി എം സത്യനാരായണന് നല്‍കിയിട്ടുണ്ട്.
വിശ്വാസവഞ്ചന നടത്തിയതിനെ തുടര്‍ന്ന് ഷാജി പ്രഭാകരന്‍റെ സേവനം അടിയന്തരമായി അവസാനിപ്പിച്ചതായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (All India Football Federation) ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എന്തുതരത്തിലുള്ള വിശ്വാസ വഞ്ചനയാണ് ഷാജി പ്രഭാകരന്‍ (Shaji Prabhakaran) നടത്തിയിട്ടുള്ളതെന്ന് എഐഎഫ്എഫ് വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ ഷാജി പ്രഭാകരന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഷാജി പ്രഭാകരൻ എഐഎഫ്എഫ് ദേശീയ ജനറൽ സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നത്. ഡൽഹി ഫുട്‌ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായിരുന്ന ഷാജി തല്‍സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു എഐഎഫ്എഫ് സെക്രട്ടറി ജനറലിന്‍റെ ചുമതലയിലേക്ക് എത്തിയത്. ഷാജി പ്രഭാകരൻ ചുമതല വഹിക്കവെയാണ് ഇന്ത്യയുടെ പുരുഷ ഫുട്‌ബോള്‍ ടീം 2018-ന് ശേഷം ആദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലേക്ക് എത്തുന്നത്.
സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ് ചരിത്രത്തിലാദ്യമായി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇക്കാലയളവിലാണ്. നേരത്തെ എഐഎഫ്‌എഫിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രഭാകരൻ പോസ്റ്റിട്ടിരുന്നു. സംഘടനയ്‌ക്കുള്ളില്‍ വ്യക്തിപരമായ താത്പര്യങ്ങളില്ലാതെ പ്രവർത്തിക്കേണ്ടതിന്‍റെയും ഇന്ത്യൻ ഫുട്‌ബോളിനെ ഉയർത്താനുള്ള ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെയും പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു പ്രസ്‌തുത പോസ്റ്റ്.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ പുറത്താക്കല്‍ നടപടി. എഐഎഫ്‌എഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ യോഗം നാളെ ചേരുന്നുണ്ട്. ഈ യോഗത്തിൽ സംഭവവികാസങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ഔദ്യോഗിക വിശദീകരണം ലഭിക്കും. മറ്റ് കാര്യങ്ങള്‍ ചർച്ചയാവുകയും ചെയ്യും. ഷാജിയുടെ പ്രവർത്തനങ്ങളിൽ എഐഎഫ്‌എഫ് എക്സിക്യുട്ടീവ് അംഗങ്ങൾ അതൃപ്‌തരായിരുന്നുവെന്ന് ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് എൻഎ ഹാരിസ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.
ALSO READ: പിഎസ്‌ജിയെ തകർത്തെറിഞ്ഞ് എസി മിലാൻ; ന്യുകാസിലിനെ കെട്ടുകെട്ടിച്ച് ഡോർട്‌മുണ്ട്, മരണഗ്രൂപ്പിൽ പോരാട്ടം കനക്കുന്നു
സെക്രട്ടറി ജനറലിന്‍റെ പിരിച്ചുവിടൽ സംബന്ധിച്ച പ്രസിഡന്‍റിന്‍റെ തീരുമാനം എഐഎഫ്എഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കേണ്ടതില്ലെന്നും, ഈ സ്ഥാനത്ത് വ്യക്തികളെ നിയമിക്കാനും നീക്കം ചെയ്യാനും പ്രസിഡന്‍റിന് അധികാരമുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.