ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം വിലങ്ങുതടിയായ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള സാധ്യത തെളിയുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബെ പുരുഷ ഫുട്‌ബോള്‍ ടീം ഗെയിംസില്‍ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര കായിക മന്ത്രാലയത്തെ ബോധിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ടീമിന് കായിക മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല.
ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളെ മാത്രം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം. അടുത്തിടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നിവ വിജയിച്ച ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്‍റെ കാര്യത്തിലും യോഗ്യത മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കായിക മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതോടെ സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡത്തിന്‍റെ അടുത്തെത്താന്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള രാജ്യങ്ങളെ ഉള്‍പ്പെടെ വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നിവ വിജയിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഇഗോർ സ്റ്റിമാക് (Igor Stimac) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും (Narendra modi) കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തെഴുതിയിരുന്നു.