ദോഹ: താലിബാൻ കീഴടക്കിയ അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ യുവ ഫുട്ബോൾ താരവും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. ദേശിയ ഫുട്ബോൾ താരമായ പത്തൊൻപത് വയസുകാരൻ സാക്കി അൻവാരിയാണ് വിമാനത്തിൽ നിന്ന് വീണ് മരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി.
പറന്നുയരുന്ന വിമാനത്തിൽ നിന്ന് രണ്ടുപേർ താഴേക്ക് പതിക്കുന്നതിന്‍റെ ദാരുണദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അതിൽ ഒന്ന് സാക്കി ആണെന്നാണ് വിവരം. അഫ്‌ഗാൻ ദേശീയ ഫുട്ബോൾ ടീമിനെ കുറിച്ചുള്ള ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് സാക്കി അന്‍വാരിയുടെ മരണവിവരം പുറത്തുവിട്ടത്.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറിലാണ് സാക്കി അന്‍വാരി കയറിയത്. എന്നാൽ കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ സാക്കി താഴേക്ക് പതിക്കുകയായിരുന്നു.
ALSO READ:അഫ്‌ഗാൻ വനിത ഫുട്ബോൾ താരങ്ങളുടെ ജീവൻ പ്രതിസന്ധിയിൽ; സഹായമഭ്യർത്ഥിച്ച് മുൻ താരം
അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുഎസ് സൈനിക വിമാനത്തിൽ ജനക്കൂട്ടം തിക്കിത്തിരക്കി കയറുന്നതും ചിലർ പുറംഭാഗങ്ങളിൽ അള്ളിപ്പിടിച്ചിരുന്നതുമായ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ആളുകൾ വീണു മരിച്ചതായും വിമാനത്തിന്‍റെ ചക്രത്തിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും യുഎസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.