യുവാണ്ടെ: ലിവർപൂൾ സൂപ്പർതാരങ്ങളായ മുഹമ്മദ് സലായും സാദിയോ മാനെയും നേർക്കുനേർ വന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ഈജിപ്‌തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് കീഴടക്കി കന്നി കിരീടമുയർത്തി സെനഗൽ. നിശ്‌ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഇതോടെ എട്ടാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഈജിപ്‌തിന് നിരാശ. ആറാം മിനിറ്റിൽ സലിയോസി സിസിനെ മുഹമ്മദ് അബ്‌ദുൽ മോനം ഫൗൾ ചെയ്‌തതിനു ലഭിച്ച പെനാൽറ്റി സെനഗലിന് മുന്നിലെത്താനുള്ള അവസരം ആയിരുന്നു. സാദിയോ മാനെയുടെ ഷോട്ട് ഗബാസ്‌കി രക്ഷപ്പെടുത്തി.
മത്സരത്തിൽ ഉടനീളം സെനഗൽ ആധിപത്യം കണ്ട മൽസരത്തിൽ പലപ്പോഴും ഈജിപ്‌ത് ഗോൾ കീപ്പർ ഗബാസ്‌കിയുടെ പ്രകടനമാണ് ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. ഷൂട്ടൗട്ടിൽ ആദ്യ രണ്ടു കിക്കുകൾ സെനഗൽ ഗോളാക്കിയപ്പോൾ ഈജിപ്‌തിന്‍റെ രണ്ടാമത്തെ കിക്ക് പോസ്‌റ്റിലിടിച്ച് മടങ്ങി. അതിനു പിന്നാലെ സെനഗലിന്‍റെ കിക്ക് ഈജിപ്ഷ്യൻ കീപ്പർ തടഞ്ഞിടുകയും അടുത്ത കിക്ക് ഈജിപ്‌ത് ഗോളാക്കി മാറ്റുകയും ചെയ്‌തു.