കൊല്‍ക്കത്ത:എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന പോരാട്ടത്തില്‍ മാലദ്വീപ് ക്ലബ് മാസിയ സ്‌പോര്‍ട്‌സാണ് എതിരാളികള്‍. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.
ആദ്യമത്സരത്തില്‍ ഐഎസ്‌എല്‍ ക്ലബായ എടികെ മോഹന്‍ ബഗാനെ 4-2ന് പരാജയപ്പെടുത്തിയാണ് ഗോകുലമെത്തുന്നത്. എന്നാല്‍ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്‌സിനോട് തോല്‍വി വഴങ്ങിയാണ് മാസിയയുടെ വരവ്. ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ്, ഫ്ലച്ചര്‍, ലൂക്ക മെയ്‌സന്‍, എമില്‍ ബെന്നി, എംഎസ് ജിതിന്‍, അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരുടെ ഫോമിലാണ് ഗോകുലം പ്രതീക്ഷ വെയ്‌ക്കുന്നത്.
അദ്യമത്സരത്തിലെ മിന്നും ജയത്തോടെ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഗോകുലത്തിനായിരുന്നു. ബസുന്ധര കിങ്‌സിനും മൂന്ന് പോയിന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് തുണയായത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്താനാവും ഗോകുലത്തിന്‍റെ ശ്രമം.
also read:സാക്ഷാൽ മേരി കോമിനെ വെല്ലുവിളിച്ച വീര്യം, അവഗണനയെ ചങ്കുറ്റം കൊണ്ട് ഇടിച്ചിട്ട വിജയം; മാസാണ് നിഖാത് സറീൻ
അതേസമയം എടികെയും ഇന്ന് കളിക്കാനിറങ്ങുന്നുണ്ട്. വൈകീട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ബസുന്ധര കിങ്‌സാണ് സംഘത്തിന്‍റെ എതിരാളി. ആദ്യ മത്സരത്തില്‍ 1-0ത്തിനാണ് ബസുന്ധര മാസിയയെ കീഴടക്കിയത്. ഗ്രൂപ്പ് ജേതക്കള്‍ക്ക് മാത്രമേ ഇന്‍റര്‍സോണ്‍ സെമി ഫൈനല്‍സിന് പ്രവേശനം ലഭിക്കുവെന്നിരിക്കെ എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്.