കേരളം

kerala

ETV Bharat / sports

ഏഷ്യന്‍ കപ്പ് യോഗ്യത : ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ - ഏഷ്യന്‍ കപ്പ് യോഗ്യത

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത്

IND vs HKG Highlights  AFC Asian Cup Qualifiers  India Thrash Hong Kong  India vs Hong Kong Highlights  ഏഷ്യന്‍ കപ്പ് യോഗ്യത  ഇന്ത്യ vs ഹോങ്കോങ്
ഏഷ്യന്‍ കപ്പ് യോഗ്യത: ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

By

Published : Jun 15, 2022, 7:12 AM IST

കൊല്‍ക്കത്ത : എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. ഹോങ്കോങ്ങിനെതിരെ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ജയം പിടിച്ചത്. അന്‍വര്‍ അലി, നായകന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്.

മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ അന്‍വര്‍ അലിയുടെ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് അന്‍വര്‍ അലി ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്.

തുടര്‍ന്ന് ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിയത്. ജീക്‌സണ്‍ സിങ് എടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഗോളിന്‍റെ പിറവി. ഉയര്‍ന്നെത്തിയ പന്ത് കാലിലൊതുക്കിയ ഛേത്രി തന്ത്രപൂര്‍വം ഹോങ്കോങ് വല ചലിപ്പിച്ചു.

ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ താരത്തിന്‍റെ 84ാം ഗോളാണിത്. ഇതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി.

ആദ്യപകുതി രണ്ട് ഗോള്‍ ലീഡുമായി അവസാനിപ്പിച്ച ഇന്ത്യ, രണ്ടാം പകുതിയിലെ 85ാം മിനിട്ടില്‍ വീണ്ടും ലക്ഷ്യം കണ്ടു. ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്‍റെ തകര്‍പ്പന്‍ ക്രോസ് പകരക്കാരനായെത്തിയ മന്‍വീര്‍ സിങ് ഗോളാക്കുകയായിരുന്നു. തുടര്‍ന്ന് 93ാം മിനിട്ടില്‍ ഇഷാന്‍ പണ്ഡിതയാണ് ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചത്. മന്‍വീര്‍ സിങ്ങിന്‍റെ ക്രോസില്‍ നിന്നാണ് ഇഷാന്‍ പണ്ഡിത ലക്ഷ്യം കണ്ടത്.

ആധികാരികമായി ഏഷ്യന്‍ കപ്പിന് : നേരത്തെ ഗ്രൂപ്പ് ബിയില്‍ പലസ്‌തീൻ ഫിലിപ്പീൻസിനെ തോല്‍പ്പിച്ചതോടെ ഹോങ്കോങ്ങിനെതിരെ ഇറങ്ങും മുമ്പ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയിലായിരുന്നു ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.

എന്നാല്‍ ഹോങ്കോങ്ങിനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എഷ്യന്‍ കപ്പ്‌ യോഗ്യത നേടാന്‍ ഇന്ത്യയ്‌ക്കായി. 29 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോങ്ങിനെ കീഴടക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെയും കംബോഡിയയെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്. നേരത്തെ 2019ലും ഇന്ത്യ ഏഷ്യന്‍ കപ്പിനിറങ്ങിയിരുന്നു.

ABOUT THE AUTHOR

...view details