ദോഹ :എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു (Indian Football Team). ഫിഫ ലോക റാങ്കിങ്ങില്‍ 68-ാം സ്ഥാനക്കാരായ ഉസ്‌ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി (India vs Uzbekistan). ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഖത്തറിലെ അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനോട് പൊരുതി തോറ്റെത്തുന്ന ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്‍റില്‍ തുടരാന്‍ ഇന്ന് ജയം അനിവാര്യമാണ്. ടൂര്‍ണമെന്‍റിലെ ആദ്യ കളിയില്‍ ഓസ്‌ട്രേലിയക്കെതിരെ പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യന്‍ ടീം കളിച്ചത്. അതുകൊണ്ടുതന്നെ രണ്ട് ഗോളുകള്‍ മാത്രമായിരുന്നു ഇന്ത്യയുടെ വലയിലേക്ക് എത്തിയത്.
ഇന്ന്, രണ്ടാം മത്സരത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാകും ഇന്ത്യയുടെ ലക്ഷ്യം. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയില്‍ കളിച്ച സുനില്‍ ഛേത്രി (Sunil Chhetri), ലാലിയന്‍സുവാല ചാങ്തേ (Lallianzuala Chhangte), സന്ദേശ് ജിങ്കാന്‍ (Sandesh Jhingan), രാഹുല്‍ ഭേക്കേ (Rahul Bheke) എന്നിവരിലാകും രണ്ടാം മത്സരത്തിലും ഇന്ത്യയുടെ പ്രതീക്ഷകള്‍. പരിക്കില്‍ നിന്നും മുക്തനാകാത്ത സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) ഇന്നും കളിക്കാന്‍ സാധ്യത ഇല്ല.
സഹലിന്‍റെ അഭാവം ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചേക്കാം. സഹലിന്‍റെ അഭാവത്തില്‍ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ ദീപക് ടാംഗ്രിയാകും ഇന്നും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. ദീപക് ടാംഗ്രി കളത്തിലിറങ്ങിയാല്‍ പ്രതിരോധത്തിലൂന്നിയാകും ടീം ഇന്ത്യ കളിക്കുക.