ദോഹ :എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത് (India vs Australia Highlights). ജാക്‌സണ്‍ ഇര്‍വിന്‍, ജോർഡൻ ബോസ് എന്നിവരാണ് ഓസ്‌ട്രേലിയയ്‌ക്കായി ഗോളടിച്ചത്.
ആദ്യ പകുതിയില്‍ ഇന്ത്യ കെട്ടിയ പ്രതിരോധക്കോട്ട രണ്ടാം പകുതിയിലാണ് ഓസീസിന് പൊളിക്കാന്‍ കഴിഞ്ഞത്. മത്സരത്തിന്‍റെ തുടക്കത്തില്‍ ചില അവസരങ്ങള്‍ തുറന്നെടുത്തുവെങ്കിലും മുതലാക്കാന്‍ കഴിയാത്തത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. മൂന്നാം മിനിട്ടില്‍ തന്നെ ഓസീസ് പോസ്റ്റിലേക്ക് ചാങ്‌തേ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം അകന്ന് നിന്നു.
ഒമ്പതാം മിനിട്ടില്‍ ചാങ്‌തേ നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ പന്ത് വരുതിയിലാക്കി മുന്നേറുന്നതില്‍ മൻവിർ സിങ്ങിന് പിഴച്ചു. 16-ാം മിനിട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ തലയില്‍ കൈവച്ചുപോയ മറ്റൊരു അവസരം. പൂജാരി നല്‍കിയ ഒരു മികച്ച ക്രോസില്‍ സുനിൽ ഛേത്രിയുടെ ഹെഡര്‍ ചെറിയ മാര്‍ജിനിലാണ് പുറത്തേക്ക് പോയത്.
പിന്നീട് ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ഓസ്‌ട്രേലിയ നിരന്തരം ഇരച്ചെത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ സന്ദേശ് ജിങ്കന്‍റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധക്കോട്ട കെട്ടി. ഇതോടെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കായില്ല.