മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ (UEFA Champions League) മരണ ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്ക് തോൽവി. ഇറ്റാലിയൻ ക്ലബ് എസി മിലാനാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരജയപ്പെടുത്തിയത്. ഒമ്പതാം മിനിട്ടിൽ മിലൻ സ്ക്രിനയറിലൂടെ മുന്നിലെത്തിയ പിഎസ്‌ജിക്കെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് എസി മിലാന്‍റെ ജയം. വിജയികൾക്കായി റാഫേൽ ലിയോ, ഒലിവർ ജിറൗഡ് എന്നിവരാണ് ഗോളടിച്ചത്.
കഴിഞ്ഞ മത്സരത്തിൽ പിഎസ്‌ജിക്കെതിരെ വഴങ്ങിയ തോൽവിക്ക് മധുരപ്രതികാരം കൂടിയായി സാൻസിറോയിലെ ഇന്നത്തെ മിലാൻ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യൻമാരുടെ ആദ്യ ജയമാണിത്.
മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ബൊറൂസിയ ഡോർട്‌മുണ്ട് ജയം സ്വന്തമാക്കിയതോടെ നോക്കൗട്ട് പ്രവേശനത്തിനുള്ള പോരാട്ടം കൂടുതൽ കനത്തു. ന്യൂകാസിലിനെ നേരിട്ട ബൊറൂസിയ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയമാണ് നേടിയത്. നിക്ലാസ് ഫുൾക്രുഗ്, ജൂലിയൻ ബ്രാൻഡിറ്റ് എന്നിവരാണ് ജർമൻ ക്ലബിനായി വലകുലുക്കിയത്.
മത്സരത്തിന്‍റെ 26-ാം മിനിട്ടില്‍ നിക്ലസ് ഫുള്‍ക്രൂഗിന്‍റെ ഗോളിലാണ് ഡോര്‍ട്‌മുണ്ട് ലീഡ് എടുത്തത്. നിക്ലാസ് ഫുൾക്രൂഗിന്‍റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. രണ്ടാം പകുതിയില്‍ 79-ാം മിനിട്ടില്‍ ഹൂലിയൻ ബ്രാൻഡിറ്റിന്‍റെ ഗോളില്‍ ഡോര്‍ട്‌മുണ്ട് വിജയം ഉറപ്പിച്ചു. നേരത്തെ, ന്യൂകാസില്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടിലും ഡോര്‍ട്‌മുണ്ട് വിജയിച്ചിരുന്നു. ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഒറ്റ ഗോളിനായിരുന്നു വിജയം.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്‍റുള്ള ബൊറൂസിയ ഡോർട്‌മുണ്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആറ് പോയിന്‍റുള്ള പിഎസ്‌ജിയാണ് തൊട്ടുപിന്നിലുള്ളത്. ഒരു ജയവും രണ്ട് സമനിലയും ഉൾപ്പടെ അഞ്ച് പോയിന്‍റുമായി മിലാൻ മൂന്നാമതും നാല് പോയിന്‍റുള്ള ന്യൂകാസിൽ അവസാന സ്ഥാനത്തും തുടരുകയാണ്.