മോസ്കോ :ചെൽസി ഫുട്ബോൾ ക്ലബ്ബിന്‍റെ നടത്തിപ്പവകാശം കൈമാറാൻ തീരുമാനിച്ച് ഉടമ റോമൻ അബ്രമോവിച്ച്. ടീമിന്‍റെ ചുമതല അതിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റിനാണ് നല്‍കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
അബ്രമോവിച്ച് ക്ലബ്ബിന്‍റെ ഉടമയായി തുടരുമെന്നും യൂറോപ്യൻ ചാമ്പ്യൻമാരെ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്‌തു. റഷ്യൻ ഭരണകൂടമായും പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായും അടുത്ത ബന്ധം ഉള്ളയാളാണ് അബ്രമോവിച്ച്. റഷ്യൻ കോടീശ്വരര്‍ക്കും ബാങ്കുകൾക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്‌തമാണ്.
ചെൽസി ഉടമയുടെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടണമെന്ന് ലേബർ പാർട്ടി എംപി ക്രിസ് ബ്രാന്‍റ് പാർലമെന്‍റിനോട് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് നടത്തിപ്പാവകാശം ക്ലബ്ബിന്‍റെ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറൻ തീരുമാനിച്ചത്. ക്ലബ്ബിന്‍റെയും താരങ്ങളുടെയും ആരാധകരുടെയും നല്ല താൽപ്പര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം.
ALSO READ:എല്ലാം പുടിന്‍റെ തെറ്റ്; ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും യുക്രൈനിയന്‍ ഫുട്‌ബോളര്‍
എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003 ൽ ഏകദേശം 1500 കോടി മുടക്കിയാണ് ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിനുശേഷം എഫ് എ കപ്പും പ്രീമിയർ ലീഗും 5 പ്രാവശ്യവും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും 2 വട്ടവും ചെൽസി ജേതാക്കളായി. റഷ്യൻ പാർലമെന്‍റ് അംഗമായിരുന്ന അബ്രമോവിച്ച് 2 വട്ടം പ്രവിശ്യ ഗവർണറുമായിരുന്നു.