പാരിസ്:അമ്പെയ്‌ത്ത് ലോകകപ്പിൽ മിന്നും പ്രകടനവുമായി ഇന്ത്യ. ലോകകപ്പ് സ്റ്റേജ് ത്രീയിലെ കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ അഭിഷേക് വർമ - ജ്യോതി സുരേഖ വെന്നം സഖ്യമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. ഫൈനലിൽ ഫ്രാൻസിന്‍റെ ജീൻ ബോൾച്ച് - സോഫി ഡോഡെമോണ്ട് സഖ്യത്തെ 152-149 സ്‌കോറിനാണ് ഇവര്‍ തോൽപിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കോമ്പൗണ്ട് മിക്‌സഡ് ടീം വിഭാഗത്തിൽ സ്വർണം നേടുന്നത്.
പിന്നാലെ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളിയും നേടി. ജർമനിയുടെ എല്ല ഗിബ്‌സനോട് ഷൂട്ടോഫിലാണ് ജ്യോതി കീഴടങ്ങിയത്. ഇരുവരും 10 പോയിന്‍റ് നേടിയെങ്കിലും ടാർഗറ്റ് ബോർഡിലെ സെന്‍ററിനോട് കൂടുതൽ അടുത്ത് ഉന്നം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടുകയായിരുന്നു. മറ്റൊരു മെഡൽ കൂടി ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഫൈനലില്‍ എത്തിയ വിമൻസ് റീ കർവ് ടീം ചൈനീസ് തായ്‌പേയിയെ നേരിടും. ദീപിക കുമാരി, അൻകിത ഭഗത്, സിമ്രാൻജീത് കൗർ എന്നിവരാണ് ടീമിലുള്ളത്.