ന്യൂഡല്‍ഹി: അടുത്ത മാസം പോളണ്ടിൽ നടക്കുന്ന ലോക അത്‌ലറ്റിക് റിലേയിൽ ഇന്ത്യൻ വനിതകളുടെ 4x100 മീറ്റർ ടീമിന് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനാകുമെന്ന് സ്റ്റാർ സ്പ്രിന്‍റര്‍ ഹിമാ ദാസ്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമ ഇക്കാര്യം പറഞ്ഞത്. "ദ്യുതിയും ടീമിന്‍റെ ഭാഗമാകും, ലോക റിലേയില്‍ ഒളിമ്പിക്സിന് യോഗ്യത നേടാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങൾ അത് ചെയ്യും,- ഹിമ പറഞ്ഞു.
ദേശീയ റെക്കോർഡ് ഉടമ ദ്യുതി ചന്ദ്, അർച്ചന സുസെന്ദ്രൻ, എസ്. ധനലക്ഷ്മി, ഹിമ ദാസ് എന്നിവരടങ്ങുന്ന സംഘമാവും അത്‌ലറ്റിക് റിലേയിൽയില്‍ ഈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഹിമാശ്രീ റോയ്, എ.ടി ധനേശ്വരി എന്നിവരും അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രഖ്യാപിച്ച ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
"ഞാൻ വളരെ നല്ല അവസ്ഥയിലാണ്, മറ്റ് അംഗങ്ങളും മികച്ച പ്രകടനം നടത്തുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നു. ഫെഡറേഷൻ കപ്പിൽ ഞങ്ങള്‍ക്ക് (വ്യക്തിഗത 100 മീറ്ററിൽ) മികച്ച പ്രകടനം നടത്താനായിരുന്നുവെന്നും ഹിമ പറഞ്ഞു. മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പില്‍ 100 മീറ്റർ മത്സരത്തിൽ ധനലക്ഷ്മി 11.38 സെക്കൻഡിൽ ഒന്നാമതെത്തിയിരുന്നു. ദ്യുതി ചന്ദും (11.58) സുസീന്ദ്രനും (11.76) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അതേസമയം 21കാരിയായ താരത്തിന് ഇതേവരെ വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് യോഗ്യത നേടാനായിട്ടില്ല. ഇതോടെ തുര്‍ക്കിയിലും മറ്റുമായി നടക്കുന്ന യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും താരം പറഞ്ഞു. മെയ് ഒന്ന്, രണ്ട് തീയതികളിൽ സെലിസിയയിലെ ചോർസോവിൽ നടക്കുന്ന ലോക റിലേയിലെ മികച്ച എട്ട് ടീമുകള്‍ക്ക് ടോക്കിയോയിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കും. ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.