ഹൈദരാബാദ്: ഇന്ത്യയുടെ ഒളിമ്പിക്ക് ഹോക്കി യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഭുവനേശ്വർ കലിംഗാ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആദ്യപാദ യോഗ്യതാ മത്സരങ്ങളാണ് ഇന്ന് നടക്കുക. വൈകീട്ട് ആറ് മണിക്ക് വനിതാ ടീം അമേരിക്കയെയും രാത്രി എട്ട് മണിക്ക് പുരുഷ ടീം റഷ്യയെയും നേരിടും. ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ പുരുഷ ടീം റഷ്യയെ നേരിടുന്നത്. മത്സരത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യന്‍ കോച്ച് ഗ്രഹാം റെയ്ഡ് പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സില്‍ സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മോശം ദിവസം ഈ സ്വപ്നത്തെ തകർക്കും. ഇന്ത്യന്‍ ടീമിനൊപ്പം ചേർന്ന ശേഷം തന്‍റെ നിലപാട് ഇതാണ്. ലോകത്തെ ഏറ്റവും മികച്ച ടീമിനോട് കളിക്കുന്നപോലെയാണ് ഏത് മത്സരത്തെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോക്കിയിലെ അവിഭാജ്യഘടകമായ ഷൂട്ട് ഔട്ട് ഉൾപ്പെടെയുള്ള മേഖലകളില്‍ പരിശീലനം പൂർത്തിയാക്കിയെന്നും ഗ്രഹാം റെയ്ഡ് പറഞ്ഞു.
ഒളിമ്പിക്ക് ഹോക്കി യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കം - ഇന്ത്യന്‍ ഹോക്കി വാർത്ത
വൈകീട്ട് ആറ് മണിക്ക് വനിതാ ടീം അമേരിക്കയെയും രാത്രി എട്ട് മണിക്ക് പുരുഷ ടീം റഷ്യയെയും നേരിടും. ഭുവനേശ്വർ കലിംഗാ ഹോക്കി സ്‌റ്റേഡിയത്തിലാണ് യോഗ്യതാ മത്സരങ്ങൾ. ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസാന അവസരമാണിത്.
ജയം മാത്രമാണ് ലക്ഷ്യമെന്നും എതിരാളികളായ റഷ്യ ലോക റാങ്കിങ്ങില്‍ താഴെയാണെങ്കിലും അവരെ ഒരിക്കലും നിസാരരായി കാണുന്നില്ലെന്നും പുരുഷ ടീമിന്‍റെ നായകന്‍ മന്‍പ്രീത് സിങ്ങും പറഞ്ഞു. നിലവില്‍ 18 അംഗ ടീം മികച്ച നിലയിലാണ്. ഏറെ ആലോചനകൾക്ക് ശേഷമാണ് കോച്ച് ഗ്രഹാം റെയ്ഡ് 22 താരങ്ങളില്‍ നിന്നം 18 അംഗ ടീമിനെ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസാന അവസരമാണിത്.
ഇന്ത്യ അന്താരാഷ്‌ട്രതലത്തിലെ മികച്ച ടീമാണെന്ന് റഷ്യന്‍ പരിശീലകന്‍ വ്ലാഡിമർ കൊഹകിനും വ്യക്തമാക്കി. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്ഐഎച്ച് റാങ്കിങ്ങില്‍ റഷ്യ 22-ാം സ്ഥാനത്താണ്.