എറണാകുളം: ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്‍റെ യാത്രയില്‍ നിര്‍ണായകമായിരുന്നു ഗോള്‍ കീപ്പറും മുന്‍ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷിന്‍റെ പ്രകടനം. സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ ടീമിന് ഇനി വെങ്കല പ്രതീക്ഷയാണ് മുന്നിലുള്ളത്. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോക്കിയില്‍ ഒരു മെഡലിനരികെയെത്തുമ്പോള്‍ 'ഇന്ത്യന്‍ വന്മതില്‍' എന്ന വിളിപ്പേര് സ്വന്തമാക്കിയ താരം മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാവുകയാണ്.
ടോക്കിയോയില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ ശ്രീജേഷിന്‍റെ ചിറകിലേറിയാണ് വിജയം സ്വന്തമാക്കിയത്. കിവീസിന്‍റെ ഗോളെന്നുറച്ച ആറ് ഷോട്ടുകളാണ് മലയാളി ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയത്. തുടര്‍ന്നുളള മത്സരങ്ങളിലും ശ്രീജേഷ് ഇന്ത്യന്‍ സംഘത്തിന്‍റെ രക്ഷകനായി പലകുറി അവതരിച്ചു.
പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രിട്ടനെതിരെ എട്ടു പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷിന് നേരിടേണ്ടി വന്നത്. ഇതില്‍ വാര്‍ഡി ലക്ഷ്യം കണ്ടതൊഴിച്ചാല്‍ ഗോളെന്നുറച്ച നാലില്‍ മൂന്ന് ശ്രമങ്ങളും താരം രക്ഷപ്പെടുത്തി. സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യന്‍ ടീമിന് നിരാശയായിരുന്നുവെങ്കിലും ശ്രീജേഷ് മികച്ചു നിന്നു. എന്നാല്‍ ലോക ചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സംഘത്തിന് കാലിടറി.
also read: വീണു, എഴുന്നേറ്റു, ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറി ; സിഫാൻ ഹസന്‍റെ വിസ്‌മയക്കുതിപ്പ്
അതേസമയം ടീമിന്‍റെ ഫൈനൽ പ്രവേശനം ഉറപ്പിച്ചായിരുന്നു എല്ലാ ഇന്ത്യാക്കാരെപ്പോലെയും ശ്രീജേഷിന്‍റെ അച്ഛനും അമ്മയും ഭാര്യയുമുൾപ്പടെയുള്ളവർ സെമി ഫൈനൽ മത്സരം കാണാനിരുന്നത്. സെമിയിലേറ്റ തിരിച്ചടിയില്‍ നിരാശയുണ്ടെങ്കിലും ടീമിന് വെങ്കല മെഡല്‍ നേടാനാവുമെന്നാണ് താരത്തിന്‍റെ ഭാര്യയായ ഡോ. അനീഷ്യയുടെ പ്രതീക്ഷ.
മാധ്യമ പ്രവര്‍ത്തകരെ കാണുന്ന ശ്രീജേഷിന്‍റെ അച്ഛനും ഭാര്യയും. ഇന്ത്യൻ ടീം നന്നായി കളിച്ചുവെന്നും എന്നാല്‍ മത്സരത്തിൽ വിജയവും പരാജയവും സാധാരണയാണെന്നുമാണ് ഇവര്‍ പറയുന്നത്. ടീമിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാവരുടേയും പിന്തുണയും പ്രാര്‍ഥനയും വേണമെന്നാണ് അച്ഛൻ രവീന്ദ്രന് പറയാനുള്ളത്. 1972-ൽ മാനുവൽ ഫ്രെഡറിക്സ് ഉൾപ്പെട്ട ഹോക്കി ടീം ഒളിമ്പിക്സില്‍ വെങ്കലം നേടിയതിന് ശേഷം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീജേഷിലൂടെയും ഇന്ത്യ ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തുമെന്നാണ് ഇവരോടൊപ്പം കേരളത്തിലെ കായിക പ്രേമികളുടേയും പ്രതീക്ഷ.
also read: തോൽവിക്ക് കാരണം ലീഡ് നിലനിർത്താൻ കഴിയാത്തത്; ഇന്ത്യൻ ഹോക്കി കോച്ച് ഗ്രഹാം റീഡ്
എറണാകുളം ജില്ലയിലെ പള്ളിക്കരയെന്ന ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഹോക്കിയുടെ രാജകുമാരനായി വളർന്ന താരമാണ് ശ്രീജേഷ്. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയുടെ ഗോള്‍വല കാക്കുന്ന താരം 2006ലാണ് ദേശീയ ടീമിന്‍റെ ഭാഗമായത്. നേരത്തെ ലണ്ടൻ, റിയോ ഒളിമ്പിക്‌സ് ഹോക്കി മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു.
റിയോയിൽ ക്വാർട്ടർവരെ എത്തിയ സംഘത്തെ നയിച്ചത് ശ്രീജേഷായിരുന്നു. ടോക്കിയോയിലെ താരത്തിന്‍റെ കളിമികവ് ഇന്ത്യയും കായിക ലോകവും അങ്ങനെ മറക്കാനിടയില്ല. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളിയിലൂടെ പ്രകടന മികവില്‍ രാജ്യം ഇനിയും ഒരു ഒളിമ്പിക് മെഡല്‍ സ്വപ്നം കാണുന്നുണ്ട്.