സുല്‍ത്താൻ അസ്ലൻ ഷാ ഹോക്കി കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.
അസ്ലൻ ഷാ കപ്പ്: ഏഷ്യൻ ചാമ്പ്യന്മാരെ കീഴടക്കി ഇന്ത്യ - ജപ്പാൻ
ജപ്പാനെ ഇന്ത്യ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി താരം പി.ആർ.ശ്രീജേഷ്
ഇന്ത്യക്ക് വേണ്ടി വരുൺ കുമാറും സിമ്രൻജീത്ത് സിംഗുമാണ് ഗോളുകൾ നേടിയത്. ഗോൾരഹിതമായ ആദ്യ ക്വാർട്ടറിന് ശേഷം മത്സരത്തിന്‍റെ 24ആം മിനിറ്റിലാണ് വരുൺ കുമാർ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോർണർ ഒരു പിഴവും വരുത്താതെ വരുൺ ഗോളാക്കി മാറ്റി. മധ്യനിര മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മൂന്നാം ക്വാർട്ടറില്‍ ജപ്പാന് ലഭിച്ച പെനാല്‍റ്റി കോർണർ മലയാളി താരം പി.ആർ ശ്രീജേഷിന്‍റെ മികച്ച സേവില്‍ ജപ്പാന് നഷ്ടമായി.
മത്സരത്തിന്‍റെ 55ാം മിനിറ്റില്‍ ജപ്പാൻ ഗോൾകീപ്പറെ പിൻവലിച്ച് അധിക താരത്തിനെ കളത്തിലിറക്കി. എന്നാല്‍ ജപ്പാൻ ഒരുക്കിയ അവസരം ഇന്ത്യ വേണ്ട വിധത്തില്‍ ഉപയോഗിച്ചു. മന്ദീപ് സിംഗിന്‍റെ പാസില്‍ സിമ്രൻജീത്ത് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊറിയയുമായി ഏറ്റുമുട്ടും.