ന്യൂഡൽഹി :2024 ലെ പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിലും ടീമിലുണ്ടാകുമോ എന്നത് തന്‍റെ ഫിറ്റ്നസിനേയും പ്രകടനത്തേയും ആശ്രയിച്ചിരിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പിആർ ശ്രീജേഷ്. ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മികച്ച ഗോൾകീപ്പർക്കുള്ള ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷന്‍റെ അവാർഡ് കരസ്ഥമാക്കിയതിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
'ഒരു കളിക്കാരനും ഒളിമ്പിക്‌സിൽ പങ്കെടുക്കണ്ട എന്ന് പറയില്ല. ഞങ്ങൾ അത്യാഗ്രഹികളാണ്. എപ്പോഴും കഠിനാധ്വാനം ചെയ്യുകയും മികച്ചത് നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എന്‍റെ ടീം അംഗങ്ങൾ എന്നെ പുറത്താക്കാത്ത കാലത്തോളം ഇന്ത്യക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', ശ്രീജേഷ് പറഞ്ഞു.
'എനിക്ക് 21 വർഷത്തെ കരിയർ ഉണ്ട്. എന്നാൽ ഒരു കായികതാരത്തിന്‍റെ ജീവിതത്തിൽ ഒന്നും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. പരിക്ക് സംഭവിക്കാം, പ്രകടനം കുറയാം, മറ്റുള്ളവർ നമ്മെക്കാൾ മികച്ച രീതിയിൽ കളിച്ചേക്കാം. ഇതെല്ലാം കായിക മേഖലയുടെ ഭാഗമാണ്, എന്നിരുന്നാലും ഒരു ഒളിമ്പിക്‌സിൽ കൂടി പങ്കെടുക്കണമെന്നാണ് ആഗ്രഹം', ശ്രീജേഷ് കൂട്ടിച്ചേർത്തു.