ലോസാന്‍:ഹോക്കിടൂർണമെന്‍റുകൾ ഉടന്‍ പുനരാരംഭിക്കില്ലെന്ന സൂചന നല്‍കി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്). കൊവിഡ് 19-ന് പ്രതിരോധം ഉറപ്പാക്കികൊണ്ട് മാത്രം പരിശീലനവും ടൂർണമെന്‍റുകളും പുനരാരംഭിച്ചാല്‍ മതിയെന്നും എഫ്‌ഐഎച്ച് വ്യക്തമാക്കി.
ഹോക്കി ടൂർണമെന്‍റുകൾ ഉടന്‍ പുനരാരംഭിക്കില്ല: എഫ്ഐഎച്ച്
കൊവിഡ് 19ന് വാക്‌സിന്‍ കണ്ടുപിടിച്ചാലേ മത്സരങ്ങൾ മുമ്പ് നടന്ന പോലെ സംഘടിപ്പിക്കാന്‍ സാധിക്കൂവെന്നും അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ
ഹോക്കി പ്രോ ലീഗ് രണ്ടാം സീസണിലെ മത്സരങ്ങൾ 2021 ജൂണ്‍ വരെ കൊവിഡ് 19 കാരണം ഫെഡറേഷന്‍ മാറ്റിവെച്ചിരിക്കുകയാണ്. മറ്റ് ഹോക്കി ടൂർണമെന്‍റുകളും ഇതേ രീതിയില്‍ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തു. അഞ്ച് ഘട്ടങ്ങളിലായാകും പരിശീലനവും ടൂർണമെന്‍റുകളും ഫെഡറേഷന്‍ പുനരാരംഭിക്കുക.
ആദ്യഘട്ടത്തില്‍ പ്രാദേശിക ടൂർണമെന്‍റുകൾ പുനരാരംഭിക്കും. തുടർന്ന് അയല്‍ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി മത്സരങ്ങൾ നടക്കും. ശേഷം ഭൂഖണ്ഡാന്തര മത്സരങ്ങളും. അതേസമയം കൊവിഡ് 19ന് വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ മാത്രമേ മത്സരങ്ങൾ പഴയപോലെ നടക്കൂവെന്നും എഫ്‌ഐഎച്ച് അധികൃതർ കൂട്ടിച്ചേർത്തു. ഈ ഘട്ടങ്ങൾ ഓരോന്നും കടന്നുപോകാന്‍ അധികൃതർ പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. കൊവിഡ് 19-ന്‍റെ വ്യാപനവുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തിനും വ്യത്യസ്ഥ സമയ പരിധിയാകും ഇതിനായി ക്രമപ്പെടുത്തുക. ഹോക്കി താരങ്ങളുടെയും ജീവക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ടൂർണമെന്‍റുകളുടെ സംഘാടകർ വളരെ അധികം ശ്രദ്ധിക്കണമെന്നും എഫ്‌ഐഎച്ച് വ്യക്തമാക്കി.