കേരളം

kerala

ETV Bharat / sports

അവധിക്കാലത്ത് വീട്ടിലും പരിശീലനം തുടര്‍ന്ന് ഹോക്കി താരങ്ങള്‍ - ഹോക്കി വാര്‍ത്ത

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീം അംഗങ്ങള്‍ക്ക് ഈ മാസം മധ്യത്തോടെ നാല് ആഴ്ചത്തെ അവധി നല്‍കുകയായിരുന്നു

hockey news  sai news  ഹോക്കി വാര്‍ത്ത  സായി വാര്‍ത്ത
ഇന്ത്യന്‍ ഹോക്കി ടീം

By

Published : Jun 26, 2020, 7:37 PM IST

ന്യൂഡല്‍ഹി: നാല് ആഴ്‌ചത്തെ അവധി ലഭിച്ചിട്ടും ഇന്ത്യന്‍ പുരഷ, വനിതാ ഹോക്കി ടീം അംഗങ്ങള്‍ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ അവസാനിപ്പിച്ചിട്ടില്ല. വീടുകളില്‍ തിരിച്ചെത്തിയ താരങ്ങള്‍ സ്ട്രങ്ങ്ത്ത് ട്രെയിനിങ്ങും ഫിറ്റ്നസ് ട്രെയിനിങ്ങും ആരംഭിച്ചു. ദീര്‍ഘനാളത്തെ പരിശീലനത്തിനും കൊവിഡ് 19 ഉയര്‍ത്തിയ ആശങ്കകള്‍ക്കും ശേഷം ജൂണ്‍ മധ്യത്തോടെ അവധി ലഭിച്ചത്. വീടുകളില്‍ തിരിച്ചെത്തിയ താരങ്ങള്‍ കുടുംബത്തോടൊപ്പം കഴിയാനും സമയം കണ്ടെത്തുന്നു.

കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മുന്നേറ്റ താരം രമണ്‍ദീപ് സിങ് വീട്ടില്‍ ഫിറ്റ്നസ് ട്രെയിനിങ് പുനരാരംഭിച്ചു. ടീമിന്‍റെ ഉപദേഷ്ടാവ് റോബിന്‍ ആര്‍ക്കെല്ലിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശീലനം. മധ്യനിര താരം വിവേക് സാഗറും സമാന രീതിയില്‍ പരിശീലനം തുടരുകയാണ്. അതേസമയം വനിതാ ടീം അംഗങ്ങള്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള പരിശീലന മാര്‍ഗങ്ങളാണ് പിന്തുടരുന്നതെന്ന് വനിതാ മുന്നേറ്റ താരം നവ്ജോത് കൗര്‍, ഗുര്‍ജിത് കൗര്‍ എന്നിവര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സായി കേന്ദ്രത്തില്‍ ചെയ്തുവന്ന ചില പരിശീലന മുറകളും വനിതാ ടീം അംഗങ്ങള്‍ തുടരുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ വനിതാ ടീം അംഗങ്ങള്‍ പരിശീലന പരിപാടിയുടെ ഭാഗമായി ബംഗളൂരു സായി കേന്ദ്രത്തിലുണ്ട്. അതേസമയം പുരഷ ടീം മാര്‍ച്ച് ആദ്യവാരമാണ് സായി കേന്ദ്രത്തില്‍ എത്തിയത്. നാല് ആഴ്ചത്തെ അവധിക്ക് ശേഷം ഇരു ടീം അംഗങ്ങളും ജൂലൈ 19-ന് പരിശീലനത്തിനായി തിരിച്ചെത്തണം. ടോക്കിയോ ഒളിമ്പിക്സിനുള്ള തയാറെടുപ്പുകളാണ് ഇതിന് ശേഷം പുനരാരംഭിക്കുക. കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ അവധിക്കാലത്ത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കാന്‍ താരങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details